| Thursday, 21st December 2023, 6:15 pm

2023ല്‍ ടോപ്പിലെത്തിയ പത്ത് സിനിമയും കോടി ക്ലബ്ബില്‍; കംപ്ലീറ്റ് പാക്കേജ് കോളിവുഡ്

അമൃത ടി. സുരേഷ്

കംപ്ലീറ്റ് പാക്കേജ് എന്ന ടാഗിന് തീര്‍ത്തും യോഗ്യമായ ഇന്ത്യയിലെ സിനിമാ ഇന്‍ഡസ്ട്രിയാണ് തമിഴ്. ഒരേസമയം കൊമേഴ്ഷ്യല്‍ ചിത്രങ്ങളും ലവ് സ്റ്റോറീസും കലാമൂല്യമുള്ള ചിത്രങ്ങളും സ്ത്രീ പക്ഷത്തും ദളിത്, ആദിവാസി പക്ഷത്തും നില്‍ക്കുന്ന ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രങ്ങളും തമിഴ് സിനിമ പ്രൊഡ്യൂസ് ചെയ്യുകയും രാജ്യം ശ്രദ്ധിക്കുന്ന വിജയങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഷം തമിഴില്‍ വന്‍ വിജയങ്ങള്‍ നേടിയ ചിത്രങ്ങളുടെ കണക്കെടുത്താല്‍ അവയില്‍ രണ്ടെണ്ണം അഞ്ഞൂറ് കോടിക്ക് മുകളിലും അഞ്ചെണ്ണം 100 കോടിക്കും മുകളിലും മൂന്നെണ്ണം 50 കോടിക്ക് മുകളിലും കളക്ട് ചെയ്തു. ഇത്രയും കളക്ഷന്‍ നേടിയതെല്ലാം കൊമേഴ്ഷ്യല്‍ ചിത്രങ്ങളാണെന്ന് വിചാരിച്ചാല്‍ തെറ്റി. സയന്‍സ് ഫിക്ഷനും സൂപ്പര്‍ ഹീറോയുമുള്‍പ്പെടുന്ന പരീക്ഷണ ചിത്രങ്ങളും ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറും ജാതി രാഷ്ട്രീയം പറയുന്ന ചിത്രവുമുള്‍പ്പെടുന്ന ഒരു കംപ്ലീറ് പാക്കേജാണ് തമിഴ് ടോപ്പ് ടെന്നില്‍ മാത്രമുള്ളത്. അതാണ് തമിഴ് ഇന്‍ഡസ്ട്രിയെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നതും.

2023 ജനുവരിയില്‍ വലിയ ക്ലാഷാണ് തിയേറ്ററുകളില്‍ ഉണ്ടായത്. തമിഴിലെ പ്രധാന കോമ്പറ്റീറ്റേഴ്‌സായ വിജയ്‌യും അജിത്തും ജനുവരിയില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടി. വിജയ് ചിത്രം വാരിസും അജിത്ത് ചിത്രം തുനിവും ജനുവരി 11നാണ് റിലീസ് ചെയ്തത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസില്‍ രശ്മിക മന്ദാനയും എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവില്‍ മഞ്ജു വാര്യറുമാണ് നായികമാരായത്. ഇരുചിത്രങ്ങള്‍ക്കും വലിയ വിമര്‍ശനമാണ് നേരിട്ടതെങ്കിലും വിജയ്‌യുടെയും അജിത്തിന്റേയും ആരാധകര്‍ക്കിടയിലെ സ്വാധീനവും സ്റ്റാര്‍ വാല്യുവും തിയേറ്ററില്‍ ആളെ കയറ്റി. വാരിസ് ഏകദേശം മൂന്നൂറ് കോടിയും തുനിവ് 200 കോടിയും നേടി.

ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ധനുഷ് ചിത്രം വാത്തിക്കും 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കാനായി. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രത്തില്‍ സംയുക്തയായിരുന്നു നായിക.

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന പൊന്നിയിന്‍ സെല്‍വന്‍ 2 ഈ വര്‍ഷത്തെ മികച്ച തമിഴ് സിനിമകളിലൊന്നാണ്. ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്തത്. ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ഒരുക്കിയ ചിത്രം അധികാര തര്‍ക്കത്തിന്റേയും പ്രതികാരത്തിന്റേയും കഥയാണ് പറഞ്ഞത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ, ജയറാം, പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രകാശ് രാജ്, ലാല്‍, റിയാസ് ഖാന്‍, ബാബു ആന്റണി, റഹ്‌മാന്‍ എന്നിങ്ങനെ പല ഭാഷകളില്‍ നിന്നുള്ള താരങ്ങളാല്‍ സമ്പന്നമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. എ.ആര്‍. റഹ്‌മാന്റെ സംഗീതവും പാട്ടുകളും രവി വര്‍മന്റെ ക്യാമറയും പൊന്നിയിന്‍ സെല്‍വനെ കൂടുതല്‍ മികവുറ്റതാക്കി. 340 കോടിയിലധികം കളക്ഷനാണ് പി.എസ്. 2 നേടിയത്.

ശക്തമായ ജാതി രാഷ്ട്രീയത്തെ പറ്റി സംസാരിച്ച മാമന്നനും ഈ വര്‍ഷം മികച്ച വിജയം സ്വന്തമാക്കിയ തമിഴ് ചിത്രമാണ്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ വടിവേലു, ഫഹദ് ഫാസില്‍, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായത്. ജീവിക്കാനും വിദ്യാഭ്യാസത്തിനുമുള്ള അവകാശത്തില്‍ ജാതി എങ്ങനെ ഇടപെടുന്നുവെന്ന് മുന്‍ ചിത്രങ്ങളിലൂടെ പറഞ്ഞ മാരി സെല്‍വരാജ് അധികാരത്തിലെ ജാതി രാഷ്ട്രീയമാണ് മാമന്നനിലൂടെ സംസാരിച്ചത്. ജൂണില്‍ റിലീസ് ചെയ്ത ചിത്രം 75 കോടിയോളം തിയേറ്ററില്‍ നിന്നും സ്വന്തമാക്കി.

ജൂണില്‍ തന്നെ റിലീസ് ചെയ്ത വിഗ്നേഷ് രാജ സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ പോര്‍ തൊഴിലും വലിയ വിജമായിരുന്നു. ശരത്കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായത്. വലിയ ഹൈപ്പില്ലാതിരുന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് മൗത്ത് പബ്ലിസിറ്റിയാണ്. 50 കോടി കളക്ട് ചെയ്യാനും പോര്‍ തൊഴിലിനായി.

സൂപ്പര്‍ ഹീറോ കോണ്‍സെപ്റ്റില്‍ ഈ വര്‍ഷം ജൂലൈ 14ന് റിലീസ് ചെയ്ത ശിവകാര്‍ത്തികേയന്‍ ചിത്രമാണ് മാവീരന്‍. മഡോണ അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹീറോ കോണ്‍സെപ്റ്റില്‍ കഥ പറഞ്ഞത് വേറിട്ട രീതിയിലായിരുന്നു. ഈ ചിത്രത്തിനും മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്, ശിവകാര്‍ത്തികേയന്റെ പ്രകടനത്തിനും നല്ല അഭിപ്രായമാണ് ലഭിച്ചത്. 90 കോടിയോളം കളക്ഷന്‍ സ്വന്തമാക്കാന്‍ മാവീരനായി.

നെല്‍സണ്‍ ദിലീപ്കുമാര്‍- രജിനികാന്ത് കോമ്പോ ഒന്നിച്ച ജയിലറാണ് തമിഴിലെ മറ്റൊരു വമ്പന്‍ ഹിറ്റ്. 600 കോടിയിലധികം കളക്ഷന്‍ ഈ ചിത്രവും തിയേറ്ററുകളില്‍ നിന്നും നേടി. ഓഗസ്റ്റ് പത്തിനാണ് ചിത്രം റിലീസ് ചെയ്തത്. വിനായകന്റെ വില്ലനായുള്ള പ്രകടനവും മോഹന്‍ലാല്‍, ശിവ് രാജ്കുമാര്‍, ജാക്കി ഷ്‌റോഫ് എന്നീ കാമിയോ റോളുകളും ചിത്രത്തിന് മുതല്‍ക്കൂട്ടായി. ഒപ്പം സുനില്‍ തമന്ന, യോഗി ബാബു, രമ്യ കൃഷ്ണ എന്നിവരുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

സെപ്റ്റംബറിലാണ് വിശാല്‍ ചിത്രം മാര്‍ക്ക് ആന്റണി റിലീസായത്. എസ്.ജെ. സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ടൈം ട്രാവല്‍ ഴോണറില്‍ കഥ പറഞ്ഞ ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്. മൗത്ത് പബ്ലിസിറ്റി ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടായി.

ലോകേഷ് കനകരാജ്, വിജയ് എന്നീ പേരുകള്‍ തന്നെ ബോക്‌സ് ഓഫീസില്‍ ആള് കേറാന്‍ ധാരാളമാണ്. ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്തത്. മാസ്റ്റിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുണ്ടായിരുന്നത്. ഒപ്പം 15 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്- തൃഷ ജോഡി ഒന്നിച്ചതും സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മിഷ്‌കിന്‍ തുടങ്ങിയ താരനിരയും മാത്യു തോമസ്, ബാബു ആന്റണി എന്നീ മലയാളി സാന്നിധ്യവും ലിയോക്ക്‌ കേരളത്തിലുള്‍പ്പെടെ വമ്പന്‍ ഹൈപ്പ് സൃഷ്ടിച്ചു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെങ്കിലും തിയേറ്ററിലേക്കുള്ള ജനപ്രവാഹത്തില്‍ കുറവുണ്ടായില്ല. 620 കോടി രൂപയാണ് ലിയോ ആഗോളതലത്തില്‍ കളക്ട് ചെയ്തത്.

ഇത് കൂടാതെ ഗണേഷ് കെ. ബാബു സംവിധാനം ചെയ്ത ദാദ, കൂര്‍ക്കംവലി പ്രമേയമാക്കിയ ഗുഡ് നൈറ്റ് എന്നിവക്കും വലിയ പ്രേക്ഷക പ്രീതി നേടാനായി. വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ, സിദ്ധാര്‍ത്ഥ് നായകനായ ചിത്ത, വിവാഹ ജീവിതത്തേയും പ്രണയത്തേയും പറ്റി സംസാരിച്ച ഇരുഗപട്രു എന്നിവയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയുണ്ടാക്കിയിരുന്നു. എസ്.ജെ. സൂര്യ, രാഘവ ലോറന്‍സ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗര്‍തണ്ട ഡബിള്‍ എക്‌സിന്റേയും വിജയം എടുത്തു പറയണം. ദൃശ്യാവിഷ്‌കാരത്തിലും മേക്കിങ്ങിലും പ്രകടനത്തിലും ജിഗര്‍തണ്ട ഡബിള്‍ എക്‌സിന് വലിയ നിരൂപക പ്രശംസ ലഭിച്ചിരുന്നു.

Content Highlight: Successful films of tamil industry in 2023

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more