സ്പീക്കർ ഓം ബിർളയുടെ മകൾക്കെതിരെ വ്യാജ പരാമർശം; ധ്രുവ് റാഠിയുടെ പാരഡി പേജിൽ പോസ്റ്റ്; കേസ് എടുത്ത് പൊലീസ്
national news
സ്പീക്കർ ഓം ബിർളയുടെ മകൾക്കെതിരെ വ്യാജ പരാമർശം; ധ്രുവ് റാഠിയുടെ പാരഡി പേജിൽ പോസ്റ്റ്; കേസ് എടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th July 2024, 6:17 pm

മുംബൈ: ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മകൾക്കെതിരെ ധ്രുവ് റാഠിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ പോസ്റ്റ്. പരാമർശത്തിൽ ധ്രുവ് റാഠിക്കെതിരെ കേസ് എടുത്ത് പൊലീസ്.

പരീക്ഷ എഴുതാതെ തന്നെ യു.പി.എസ്.സി പരീക്ഷ വിജയിച്ചു എന്ന ഉള്ളടക്കത്തോടെയായിരുന്നു പോസ്റ്റ് വന്നത്. പിന്നാലെ തനിക്ക് ഈ പോസ്റ്റുമായോ തന്റെ പേരിൽ കേസ് എടുത്തെന്ന് പുറത്തുവരുന്ന വാർത്തകളുമായോ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ധ്രുവ് റാഠി മറ്റൊരു പോസ്റ്റ് ഇട്ടിരുന്നു.

വ്യാപകമായി പരാതി ഉയർന്നതോടെ നിന്ന് മാപ്പപേക്ഷയുമായി വ്യാജൻ മുന്നോട്ട് വന്നിട്ടുണ്ട്.

‘പരീക്ഷക്ക് ഹാജരാവാതെ വിജയിക്കാൻ കഴിയുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. പക്ഷെ, അതിന് ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മകളായി ജനിക്കണം. ഓം ബിർളയുടെ മകൾ പരീക്ഷ എഴുതാതെയാണ് പാസ് ആയത്. മോദി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിക്കുകയാണ്,’ എന്നതായിരുന്നു വ്യാജ അക്കൗണ്ടിൽ വന്ന പോസ്റ്റ്.

ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മകൾ അഞ്ജലി ബിർള ആദ്യ ശ്രമത്തിൽ തന്നെ യു.പി.എസ്.സി പരീക്ഷ പാസ് ആയിരുന്നു. 2019ലെ സിവിൽ സർവീസ് മെറിറ്റ് ലിസ്റ്റിലും പേരുണ്ടായിരുന്നു. ഇന്ത്യൻ റെയിൽവേ അക്കൗണ്ട് സർവീസിലാണിപ്പോൾ ജോലി ചെയ്യുന്നത്.

 

വ്യാജ പോസ്റ്റ് വലിയ തോതിൽ പ്രചരിക്കുകയും തുടർന്ന് മഹാരാഷ്ട്ര സൈബർ പൊലീസ് വ്യാജനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഓം ബിർളയുടെ ബന്ധുവിന്റെ പരാതിയിന്മേലാണ് കേസ് എടുത്തത്. പിന്നാലെ സൈബർ പൊലീസിന്റെ നിർദേശപ്രകാരം വ്യാജ അക്കൗണ്ട് ഉടമ മാപ്പപേക്ഷയുമായി വരികയായിരുന്നു.

അഞ്ജലി ബിർളയെക്കുറിച്ചുള്ള എല്ലാ പോസ്റ്റുകളും ഡിലീറ്റ് ചെയ്‌തെന്നും തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചെന്നും മാപ്പപേക്ഷയിൽ പറയുന്നു.

 

Content Highlight: Success without taking the exam’: Dhruv Rathi’s post against Om Birla’s daughter; A case was filed.