സദാചാരക്കാരെ ഇതാണ് ദീപികയുടെ കയ്യൊപ്പ്
Film News
സദാചാരക്കാരെ ഇതാണ് ദീപികയുടെ കയ്യൊപ്പ്
അമൃത ടി. സുരേഷ്
Sunday, 12th November 2023, 9:30 pm

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടി ദീപിക പദുക്കോണിനെ പരിഹസിച്ച് ചെയ്ത നാടകം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. ദീപികയുടെ മുന്‍ കാമുകന്മാരെന്ന് പറഞ്ഞ് പല പ്രമുഖരുടെ പ്രച്ഛന്നവേഷം കെട്ടി വേദിയില്‍ യുവാക്കള്‍ അണിനിരക്കുന്നതും അത് കേട്ട് സദസില്‍ ഇരിക്കുന്നവര്‍ ആര്‍പ്പ് വിളിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

‘കോഫി വിത്ത് കരണ്‍’ എന്ന ടി.വി ഷോയിലെ ദീപികയുടെ പരാമര്‍ശം മുന്നില്‍ വെച്ചുകൊണ്ടാണ് ഇവര്‍ നാടകം അവതരിപ്പിച്ചത്. വ്യക്തിജീവിതത്തിലെ ഒരു ഘട്ടത്തെ പറ്റിയാണ് ഷോയില്‍ ദീപിക പറഞ്ഞത്. ‘മറ്റൊരു ബന്ധത്തിന്റെ പേരില്‍ തകര്‍ന്ന് നില്‍ക്കുകയായിരുന്നു. ആരുമായും വൈകാരികമായി അടുക്കരുത് എന്ന് വിചാരിച്ചിരുന്നു. രണ്‍വീര്‍ പ്രൊപ്പോസ് ചെയ്യുന്നത് വരെ അതൊരു കമ്മിറ്റഡ് റിലേഷന്‍ അല്ലായിരുന്നു. മറ്റ് വ്യക്തികളോട് അടുക്കാനുള്ള സ്വാതന്ത്രമുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ പരസ്പരം തിരികെയെത്തുമായിരുന്നു. മറ്റ് ആളുകളെ കാണുമ്പോഴും മനസില്‍ ഞാന്‍ രണ്‍വീറിനോട് കമ്മിറ്റഡായിരുന്നു,’ എന്നാണ് ദീപിക പറഞ്ഞത്. തന്റെ ജീവിതത്തില്‍ സംഭവിച്ച തികച്ചും വ്യക്തിപരമായ അനുഭവമാണ് ദീപിക ഇവിടെ തുറന്ന് പറഞ്ഞിരിക്കുന്നത്. പൊതുബോധ്യങ്ങളില്‍ നിന്നുകൊണ്ട് അവരുടെ ജീവിതത്തെ വിചാരണ ചെയ്യുകയാണ് ചിലര്‍. ബി.എച്ച്.യുവിലെ വിദ്യാര്‍ത്ഥികളും ആ സദാചാര പൊതുബോധ്യത്തിലാണ് ചിന്തിച്ചത്. സ്ത്രീകളുടെ കരിയര്‍ ഗ്രോത്തിലും വിജയത്തിനുമപ്പുറം അവരുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്ന സദാചാര കണ്ണ് തന്നെയാണ് ഇവിടെ കാണാനാവുന്നത്.

യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്താണ്. ദീപികയുടെ വ്യക്തിജീവിതമോ അതോ 16 വര്‍ഷത്തെ അധ്വാനം കൊണ്ട് അവര്‍ പടുത്തുയര്‍ത്തിയ വിജയകരമായ കരിയറോ. സിനിമാ മേഖലയിലെന്നല്ല ഏതൊരു വ്യക്തികള്‍ക്ക് പ്രചോദനമാക്കാവുന്ന കരിയറാണ് ദീപികയുടേത്. 2005ല്‍ പുറത്ത് വന്ന ഹിമേഷ് രഷമ്യയുടെ നാം ഹേ തേരാ എന്ന മ്യൂസിക് വീഡിയോയിലൂടെ സ്‌ക്രീനിലെത്തിയ ദീപികയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല.

കന്നഡ ചിത്രമായ ഐശ്വര്യയില്‍ ഉപേന്ദ്ര റാവോയുടെ നായികയായാണ് ദീപികയുടെ സിനിമ അരങ്ങേറ്റം. രണ്ടാമത്തെ ചിത്രമായ ഓം ശാന്തി ഓം ദീപികക്ക് ഇന്ത്യയാകെ ശ്രദ്ധ നേടിക്കൊടുത്തു. 2012ല്‍ പുറത്ത് വന്ന കോക്ടെയ്‌ലിന്റെ വിജയമാണ് ദീപികയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്. പിന്നാലെ യേ ജവാനി യേ ദിവാനി, ചെന്നൈ എക്‌സ്‌പ്രെസ്, ബാജിറാവോ മസ്താനി, പത്മാവത് മുതലായ നിരവധി ഹിറ്റുകള്‍. എക്‌സ്.എക്‌സ്.എക്‌സ് റിട്ടേണ്‍ ഓഫ് ദിവ സാന്‍ഡര്‍ കേജ് എന്ന ചിത്രത്തിലൂടെ താരം ഹോളിവുഡിലും സാന്നിധ്യം അറിയിച്ചു.

കരിയറിന്റെ ഔന്നിത്യത്തില്‍ നില്‍ക്കുമ്പോള്‍ വിഷാദരോഗം ബാധിച്ച ദീപിക അത് തന്റെ സിനിമകളെ ബാധിക്കാതെ നോക്കി. മാനസിക ആരോഗ്യത്തെ പറ്റി അവബോധം സൃഷ്ടിക്കുന്ന ദി ലിവ് ലവ് ലാഫ് എന്ന ഫൗണ്ടേഷനും അവര്‍ സ്ഥാപിച്ചു.

ഏതൊരു ബോളിവുഡ് നടിയേയും പോലെയായിരുന്നു ദീപികയുടെയും വളര്‍ച്ച. അത് ഒരു ഓളമുണ്ടാക്കി ശമിക്കുമെന്ന് എല്ലാവരും വിചാരിച്ചു. പ്രത്യേകിച്ചും നെപ്പോട്ടിസം അടക്കിവാഴുന്ന ബോളിവുഡില്‍ സിനിമ ബാക്ക്ഗ്രൗണ്ടില്ലാതെ വന്ന ദീപികക്ക് ആ യാത്ര ഒട്ടും എളുപ്പമാവില്ല. എന്നാല്‍ സ്ത്രീകളുടെ കരിയറിന് പുരുഷന്മാരോളം കണ്‍സിസ്റ്റന്‍സി സാധ്യമല്ലാത്ത സിനിമ മേഖലയില്‍ ദീപികയുടെ കുതിപ്പ് ഒരിക്കലും നിലച്ചില്ല.

അതിനിടക്ക് വിവാദങ്ങളും ദീപികയെ പിന്തുടര്‍ന്നു. 2020ല്‍ പൗരത്വ ബില്ലിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ആക്രമത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ ദിപിക സംഘപരിവാര്‍ കേന്ദ്രങ്ങളുടെ കണ്ണിലെ കരടായി. പത്മാവത് എന്ന അവരുടെ ചിത്രത്തിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദവും ചിത്രത്തിന്റെ സെറ്റിലേക്ക് രജ്പുത് കര്‍ണി സേന ആക്രമണമഴിച്ചുവിട്ടതും ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ വിവാദങ്ങളെ മറികടന്ന് വലിയ വിജയമായ പത്മാവത് 550 കോടിക്ക് മേലെയാണ് കളക്ട് ചെയ്തത്.

പത്താനില്‍ ദീപികയുടെ കാവി ബിക്കിനിയുമായി ഉയര്‍ന്ന വിവാദം ഈ വര്‍ഷം ഇന്ത്യന്‍ സിനിമയെ തന്നെ പിടിച്ചുകുലുക്കിയതാണ്. കാവി ബിക്കിനി ഭഗവാന്റെ നിറമാണെന്നും ഷാരൂഖ് ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് ഹിന്ദുത്വവാദികള്‍ പറഞ്ഞത്. വലിയ ബോയ്‌കോട്ട് ആഹ്വാനം നേരിട്ട ചിത്രം വിജയിക്കുക മാത്രമല്ല, ബോക്‌സ് ഓഫീസില്‍ 1050 കോടി നേടി വിവിധ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുകയും ചെയ്തു.

ഇന്ത്യയില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കെ ഫുട്ബോള്‍ വേള്‍ഡ് കപ്പ് വേദിയിലേക്ക് സ്വര്‍ണ കിരീടത്തെ അനുഗമിക്കാന്‍ ദീപികയെത്തിയതും വിദ്വേഷ പ്രചരണം നടത്തിയവര്‍ക്കേറ്റ അടിയായി. കിരീടം സൂക്ഷിക്കുന്ന ട്രാവല്‍ കേസിന്റെ നിര്‍മാതാക്കളായ ലൂയി വിറ്റണ്‍സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ദീപിക ലോകകപ്പിനെ അനുഗമിച്ചപ്പോള്‍ ഇന്ത്യന്‍ ജനതക്കാകെയാണ് അത് അഭിമാനമായത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഹൈയെസ്റ്റ് പെയ്ഡ് ആക്ടറാണ് ഇന്ന് ദീപിക. ആക്ഷന്‍ സിനിമകളില്‍ നായകനൊപ്പം മാസ് കാണിക്കുന്ന ഹീറോയിന്‍. സദാചാര കണ്ണ് കൊണ്ട് അവരുടെ വ്യക്തി ജീവിതത്തെ സ്‌കാന്‍ ചെയ്ത് നിര്‍വൃതി അടയുന്നതിന് പകരം ആരേയും പ്രചോദിപ്പിക്കുന്ന ആ കരിയറിലേക്ക് കണ്ണുകള്‍ ഉയര്‍ത്താം.

Content Highlight: Success story of Deepika Padukone text content

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.