| Tuesday, 21st May 2024, 6:36 pm

കേക്ക് കഴിക്കാന്‍ സമയമില്ല, അതിലും വലിയ പണി ചെയ്തുതീര്‍ക്കാനുണ്ട്, ഗുരുവായൂരമ്പല നടയില്‍ വിജയാഘോഷത്തിന്റെ വീഡിയോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ജനത്തിരക്ക് സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് ഗുരുവായൂരമ്പല നടയില്‍. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിട്ടപ്പോഴേക്കും 50 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടി. ഈ വര്‍ഷം 50 കോടി നേടുന്ന ആറാമത്തെ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിയുടെ രണ്ടാമത്തെ സിനിമയാണ് ഈ വര്‍ഷം 50 കോടി നേടുന്നത്. ബ്ലസി സംവിധാനം ചെയ്ത ആടുജീവിതമാണ് ഈവര്‍ഷം 50 കോടി നേടിയ മറ്റൊരു പൃഥ്വിരാജ് ചിത്രം.

മോഹന്‍ലാലിനെ നായകനാക്കിക്കൊണ്ടുള്ള എമ്പുരാന്റെ സംവിധാനത്തിരക്കിലാണ് പൃഥ്വി ഇപ്പോള്‍. വിദേശ രാജ്യങ്ങളിലെ ഷൂട്ടിന് ശേഷം ഇപ്പോള്‍ തിരുവനന്തപുരത്ത് ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരിക്കുകയാണ് പൃഥ്വി. കഴിഞ്ഞ ദിവസം എമ്പുരാന്റെ സെറ്റില്‍ വെച്ച് നടന്ന ഗുരുവായൂരമ്പല നടയിലിന്റെ സക്‌സസ് സെലിബ്രേഷന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ഷൂട്ടിന്റെ ബ്രേക്കില്‍ തിരക്കിട്ട് വന്ന ശേഷം കേക്ക് മുറിച്ച് ചുറ്റുമുള്ളവര്‍ക്ക് കൊടുത്ത ശേഷം ധൃതിയില്‍ പോകുന്ന പൃഥ്വിയെയാണ് വീഡിയോയില്‍ കാണുന്നത്. പൃഥ്വിരാജ് കേക്ക് കഴിക്കാതെയാണ് പോയത്. മലയാളസിനിമ കണ്ട ഏറ്റവും വലിയ ബജറ്റില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നതിനിടയില്‍ കേക്ക് കഴിക്കാനൊന്നും സമയമുണ്ടാകില്ലെന്നാണ് പലരുടെയും കമന്റ്.

2019ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനില്‍ നിന്ന് ഖുറേഷി അബ്രാം എന്ന അധോലോകനായകനിലേക്ക് മോഹന്‍ലാല്‍ മാറിയത് അമ്പരപ്പോടെയാണ് ആരാധകര്‍ കണ്ടത്. ഖുറേഷിയുടെ വിശ്വരൂപം എമ്പുരാനിലൂടെ പൃഥ്വി എങ്ങനെയാകും കാണിക്കുകയെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Success celebration of Guruvayoor Ambalanadayil in Empuraan location going viral

Latest Stories

We use cookies to give you the best possible experience. Learn more