[] ന്യൂദല്‍ഹി: ഒടുവില്‍ സബര്‍ബന്‍ തീവണ്ടി യാത്രാനിരക്ക് വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി. 80 കിലോമീറ്റര്‍ വരെയുള്ള നിരക്കില്‍ വര്‍ധന വരുത്തില്ല. റെയില്‍വെ നിരക്ക് വര്‍ധിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി. എം.പി.മാരുടെ സംഘം റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയെ സന്ദര്‍ശിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ നിരക്ക് വര്‍ധനയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. റിസര്‍വ് ചെയ്യാത്ത യാത്രയ്ക്ക് ഈ മാസം 28 മുതലേ പുതിയ നിരക്ക് ഈടാക്കൂവെന്നും തീരുമാനിച്ചിട്ടുണ്ട്. സീസണ്‍ ടിക്കറ്റ് നിരക്കുകളില്‍ നേരത്തേ വരുത്തിയ വന്‍ വര്‍ധനയും പിന്‍വലിച്ചു. മുന്‍ നിരക്കിന്റെ 14.2 ശതമാനം വര്‍ധന മാത്രമേ ഇനി സീസണ്‍ ടിക്കറ്റ് നിരക്കിലുണ്ടാവൂ.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്രയില്‍ തീവണ്ടി യാത്രാനിരക്ക് കൂട്ടല്‍ ബി.ജെ.പി.യെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക അറിയിച്ചായിരുന്നു ബി.ജെ.പി, ശിവസേന എം.പിമാര്‍ സദാനന്ദ ഗൗഡയെ കണ്ടത്. സബര്‍ബന്‍ തീവണ്ടികളില്‍ 80 കി.മീ. ദൂരംവരെ യാത്രക്കൂലി കൂട്ടില്ലെന്ന തീരുമാനം മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ഗുണം ചെയ്യും.
സീസണ്‍ നിരക്കില്‍ നൂറ് ശതമാനം വര്‍ധനയ്ക്കിടയാക്കിയിരുന്നു. ഇത് സ്ഥിരം യാത്രക്കാരുടെ ജീവിതച്ചെലവ് ഉയര്‍ത്തുമെന്ന് വന്‍ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്നാണ് സീസണ്‍ ടിക്കറ്റിലെ വര്‍ധനയും മറ്റ് ടിക്കറ്റുകളിലേത് പോലെ 14.2 ശതമാനമാക്കാന്‍ തീരുമാനിച്ചത്. റെയില്‍വേ നിരക്ക് വര്‍ധന രാജ്യത്തകാമാനം വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.