സബ്‌സിഡി സിലിണ്ടര്‍ 9 ആക്കാന്‍ കേന്ദ്രം; വിലക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
India
സബ്‌സിഡി സിലിണ്ടര്‍ 9 ആക്കാന്‍ കേന്ദ്രം; വിലക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2012, 12:30 am

ന്യൂദല്‍ഹി: സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്നും ഒമ്പതായി ഉയര്‍ത്താന്‍ ധാരണയായി. ഇതുസംബന്ധിച്ച മന്ത്രിസഭാ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി വ്യക്തമാക്കി.[]

എന്നാല്‍, തീരുമാനം പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷന്‍ തല്‍ക്കാലത്തേക്ക് വിലക്കി. ഈ ആഴ്ച നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇന്ന് പകല്‍ 11 മണിക്കകം വിശദീകരണം നല്‍കണമെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ മൊയ്‌ലിക്ക് നോട്ടീസയച്ചു.

“സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ആറായി നിജപ്പെടുത്താനുള്ള തീരുമാനം മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാണ് കൈക്കൊണ്ടത്. അതിനാല്‍, എണ്ണം ഒമ്പതാക്കി ഉയര്‍ത്തുന്നതിനുള്ള തീരുമാനവും പ്രസ്തുത സമിതിയാണ് എടുക്കേണ്ടത്. അത് ഉടനുണ്ടാകുമെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ 13നാണ് ഒരു കുടുംബത്തിന് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.

സബ്‌സിഡി ചെലവ് വെട്ടിക്കുറക്കാനുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പാചകവാതക സബ്‌സിഡിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തിന് കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, കുടുംബ ബജറ്റിനെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നം തെരഞ്ഞെടുപ്പില്‍  തിരിച്ചടിയാകുമെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് സബ്‌സിഡി  ഭാഗികമായി പുനഃസ്ഥാപിക്കുന്നത്.

വീടുകളുടെ സബ്‌സിഡി ഗ്യാസ് സിലിണ്ടറിന്റെ എണ്ണം ഒമ്പതാക്കുമെന്ന കേന്ദ്രമന്ത്രിസഭാ തീരുമാനം നടപ്പായാല്‍ ഈയിനത്തില്‍ കേരള സര്‍ക്കാറിന്റെ സാമ്പത്തികബാധ്യത പൂര്‍ണമായി ഒഴിയും. നേരത്തേ ആറ് സിലിണ്ടറിന് മാത്രമായി കേന്ദ്രം സബ്‌സിഡി പരിമിതപ്പെടുത്തിയിരുന്നു.

ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് സിലിണ്ടറുകള്‍ക്ക് സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചത്. മുന്‍വര്‍ഷം വാങ്ങിയ എണ്ണമോ പരമാവധി ഒമ്പതോ എന്നതായിരുന്നു വ്യവസ്ഥ.