സംസ്ഥാനത്ത് സബ്‌സിഡി സിലിണ്ടര്‍ 12 ആക്കില്ലെന്ന് മുഖ്യമന്ത്രി
Kerala
സംസ്ഥാനത്ത് സബ്‌സിഡി സിലിണ്ടര്‍ 12 ആക്കില്ലെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th December 2012, 10:22 am

തിരുവനന്തപുരം: സംസ്ഥാനത്ത് സബ്‌സിഡിയോടുകൂടിയ പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സബ്‌സിഡിയോട് കൂടിയ ഒമ്പത് സിലിണ്ടര്‍ എന്ന മൂന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.  നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.[]

സിലിണ്ടറുകളുടെ എണ്ണം 6 ആക്കി കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയപ്പോഴാണ് സംസ്ഥാനം അത് ഒന്‍പതാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യക്തമായ ആലോചനയോടെയായിരുന്നു സര്‍ക്കാര്‍ തീരുമാനമെന്നും അതില്‍ നിന്നും പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നേരത്തെ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ല്‍ നിന്ന് ആറാക്കി കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു.

എന്നാല്‍ വ്യാപകപ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സിലിണ്ടറുകളുടെ എണ്ണം ഒന്‍പതാക്കി ഉയര്‍ത്താന്‍ പാര്‍ട്ടി പിന്നീട് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സംസ്ഥാനം സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതാക്കി ഉയര്‍ത്തിയത്.

എന്നാല്‍ അടുത്തിടെ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം എല്ലാ സംസ്ഥാനങ്ങളിലും ഒന്‍പതാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ച് പത്ത് സിലിണ്ടറുകള്‍ക്ക് മുകളില്‍ വാര്‍ഷിക ഉപഭോഗമുള്ളത് അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനം മൂന്ന് സബ്‌സിഡി സിലിണ്ടറുകള്‍ അനുവദിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ അറിയിച്ചു.

റേഷന്‍ സബ്‌സിഡിയാണ് ബാങ്ക് വഴി ആക്കുന്നതെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ചോദ്യത്തിന് മറുപടിയായി അറിയിച്ചു.