സബ്‌സിഡി നിരക്കിലുള്ള പാചകവാതക വിതരണം അനിശ്ചിതത്വത്തില്‍
Kerala
സബ്‌സിഡി നിരക്കിലുള്ള പാചകവാതക വിതരണം അനിശ്ചിതത്വത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th January 2014, 7:26 am

[] കൊച്ചി: പ്രതിവര്‍ഷം സബ്‌സിഡി നിരക്കില്‍  12 പാചകവാതക സിലിണ്ടറുകള്‍ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനം കടലാസിലൊതുങ്ങി.

ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ച്ച് 31വരെയുള്ള കാലയളവില്‍ ഒരു ഉപഭോക്താവിന് 12 സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം.

സംസ്ഥാനത്ത് നഗരങ്ങളില്‍ താമസിക്കുന്ന ബഹുഭൂരിപക്ഷം ഉപഭോക്താക്കളും സബ്‌സിഡി നിരക്കിലുള്ള ഒമ്പതു സിലിണ്ടറുകള്‍ക്കുശേഷം, സബ്‌സിഡിയില്ലാതെ സിലിണ്ടറുകള്‍ വാങ്ങിത്തുടങ്ങിയിരിക്കുകയാണ്.

നഗരങ്ങളില്‍ ശരാശരി 30 ദിവസം കഴിയുമ്പോള്‍ത്തന്നെ പുതിയ സിലിണ്ടര്‍ വിതരണം ചെയ്യുന്നുമുണ്ട്. നഗരങ്ങളിലെ ഉപഭോക്താക്കളില്‍ 70 ശതമാനത്തിലേറെ ആളുകളും പത്താമത്തെ സിലിണ്ടറും വാങ്ങിക്കഴിഞ്ഞു. 11 സിലിണ്ടര്‍ വാങ്ങിയവരുമുണ്ട്. എന്നാല്‍, ഒമ്പതു സിലിണ്ടറിനുശേഷം അധികമായി വാങ്ങുന്ന സിലിണ്ടറുകള്‍ക്കൊന്നും നിലവില്‍ സബ്‌സിഡി ലഭിക്കുന്നില്ല.

ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ് പുറത്തുവരികയും എണ്ണക്കമ്പനികള്‍ ഇതിനനുസൃതമായി സോഫ്റ്റ് വെയറില്‍ വേണ്ട മാറ്റങ്ങള്‍വരുത്തുകയും ചെയ്യാതെ അധിക സിലിണ്ടറുകള്‍ക്ക് സബ്‌സിഡി ആനുകൂല്യം ലഭിക്കില്ല.

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 1,291 രൂപയാണ് പുതിയ വില. 850 രൂപയോളം സബ്‌സിഡിയായി ലഭിക്കുമെന്നാണ് പറയുന്നത്.

അതേസമയം, അധിക സിലിണ്ടറുകള്‍ക്ക് സബ്‌സിഡി ലഭിക്കാത്തതുകാരണം ഗ്യാസ് ഏജന്‍സികളും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാകുകയാണ്.

സര്‍ക്കാര്‍ ഉത്തരവ് ലഭിക്കാതെ, സബ്‌സിഡിനിരക്കില്‍ സിലിണ്ടര്‍ വിതരണം ചെയ്യാനാവില്ലെന്ന നിലപാടിലാണ് കമ്പനികള്‍.

നഗരങ്ങളില്‍ ലക്ഷക്കണക്കിന് സിലിണ്ടറുകളാണ് ദിനംപ്രതി വിതരണം ചെയ്യുന്നത്. സബ്‌സിഡിയില്ലാതെ, കൂടുതല്‍ സിലിണ്ടറുകള്‍ നല്‍കുന്നതിന്, ഏജന്‍സികള്‍ക്ക് വിലക്കുമില്ല. ഇത് വഴി കമ്പനികള്‍ക്ക് വന്‍ലാഭം കിട്ടുന്നുമുണ്ട്.

നികുതിയിളവ് നല്‍കുമെന്ന സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പിലായിട്ടില്ല. നഗരവാസികളില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും സബ്‌സിഡിയില്ലാതെ, മുഴുവന്‍ പണവും കൊടുത്ത് സിലിണ്ടറുകള്‍ വാങ്ങേണ്ട സ്ഥിതിയാണിപ്പോള്‍.