| Friday, 1st November 2013, 8:38 pm

സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതോ റോയിക്ക് വിദേശത്ത് പോകാന്‍ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതോ റോയിക്ക് വിദേശത്ത് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി.

നവംബര്‍ 11ന് നിക്ഷപകര്‍ക്ക് നല്‍കാനുള്ള 20000 കോടി രൂപയ്ക്ക് തത്തുല്യമായ പ്രമാണങ്ങള്‍ സമര്‍പ്പിക്കുന്നത് വരെ സുബ്രതയ്ക്കും രണ്ട് സഹാറ ഗ്രൂപ്പ് ഡയറക്ടര്‍മാര്‍ക്കും വിദേശത്തേക്ക പോകാം.

സഹാറ ഗ്രൂപ്പിന്റെ അഭിഭാഷകന്‍ എ.പി സുന്ദരമാണ് വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ജസ്റ്റിസ് രാധാകൃഷ്ണനും ജസ്റ്റിസ് ജെ.എസ് കേഹറും അടങ്ങുന്ന ബെഞ്ചാണ് വിദേശത്ത് പോകാനുള്ള അനുമതി നല്‍കുന്ന വിധി പ്രസ്താവിച്ചത്.

നിക്ഷേപകരുടെ പണം തിരിച്ച് നല്‍കുന്നതിനായി 20000 കോടി രൂപയുടെ പ്രമാണങ്ങള്‍ സെബിക്ക് നല്‍കണമെന്നും അല്ലാത്ത പക്ഷം രാജ്യം വിടാന്‍ അനുവദിക്കില്ലെന്നുമായിരുന്നു നേരത്തെ ഉത്തരവിറക്കിയിരുന്നത്.

സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഇന്ത്യ ഹൗസ്ങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ സെബിയുടെ പബ്ലിക് ഇഷ്യൂ ലംഘിച്ച് ഓഹരിയാക്കി മാറ്റാവുന്ന കടപ്പത്രങ്ങള്‍ വഴി 24000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചുവെന്നതായിരുന്നു സഹാറയ്‌ക്കെതിരെയുള്ള കേസ്.

നിക്ഷേപകര്‍ക്ക് അഞ്ച് ശതമാനം പലിശയടക്കം മൂന്നാഴ്ച്ചക്കുള്ളില്‍ തിരിച്ചു നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് സമയം നീട്ടി നല്‍കുകയായിരുന്നു.

We use cookies to give you the best possible experience. Learn more