| Sunday, 26th May 2019, 10:40 am

സാമ്പത്തികരംഗത്തെ വീഴ്ചകള്‍ ചര്‍ച്ചയാകാത്തത് രാജ്യസുരക്ഷയിലൂന്നി ബി.ജെ.പി പ്രചാരണം നടത്തിയതിനാല്‍; ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തിലേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ബി.ജെ.പി രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം. രാജ്യം ഏകാധിപത്യഭരണത്തിലേക്കു പോകരുതെന്നും രാജ്യത്തു ജനാധിപത്യം വേണമെന്നും ബി.ജെ.പിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒന്നാം മോദിസര്‍ക്കാരിന്റെ കാലത്ത് സാമ്പത്തികരംഗത്തുണ്ടായ വീഴ്ചകള്‍ തെരഞ്ഞെടുപ്പ് വേദിയില്‍ ചര്‍ച്ചയാകാതെ പോയത് രാജ്യസുരക്ഷയിലൂന്നി ബി.ജെ.പി പ്രചാരണം നടത്തിയതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സാമ്പത്തികരംഗത്തെക്കുറിച്ചു പറഞ്ഞാല്‍ വോട്ട് കിട്ടില്ലായിരുന്നു. അതിനു വൈകാരികമായ എന്തെങ്കിലും വിഷയം വേണമായിരുന്നു. പുല്‍വാമ സംഭവത്തിനു ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു.’- അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബി.ജെ.പി നേതാക്കള്‍ മലക്കംമറിഞ്ഞത് കേരളത്തിലെ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാമക്ഷേത്രനിര്‍മാണത്തിനുള്ള നടപടികള്‍ ബി.ജെ.പി അധികം വൈകാതെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാള്‍ മോഡലില്‍ തമിഴ്‌നാട്ടിലും ബി.ജെ.പി ഒറ്റയ്ക്കുനിന്നു കരുത്ത് തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തു പ്രതിപക്ഷം വേണമെന്നും വെല്ലുവിളികളില്ലാതെ തുടര്‍ച്ചയായി ജയിക്കുന്നതു നല്ലതായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മെയ് 23-നു നടന്ന വോട്ടെണ്ണലിന്റെ ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി ഒറ്റയ്ക്കു കേവലഭൂരിപക്ഷം നേടുകയായിരുന്നു. 303 സീറ്റ് ബി.ജെ.പിക്കു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിനു നേടാനായത് കേവലം 52 സീറ്റ് മാത്രമാണ്. നരേന്ദ്രമോദി തന്നെയായിരിക്കും ഇത്തവണയും പ്രധാനമന്ത്രിയാവുക. അദ്ദേഹത്തെ എന്‍.ഡി.എ ഇന്നലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more