ന്യൂദല്‍ഹി: ഹരിയാനയില്‍ ദളിത് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി വി.കെ സിങ്ങിന് പിന്തുണയുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് വി.കെ സിങ്ങിനെ അനുകൂലിച്ച് സ്വാമി രംഗത്തെത്തിയത്.
നമ്മള്‍ വി.കെ സിങ്ങിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹത്തിന്റ പരാമര്‍ശത്തിന്റെ പേരിലുയരുന്ന പ്രതിഷേധങ്ങള്‍ അര്‍ത്ഥമില്ലാത്തതും കൃത്രിമവുമാണെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.
“നമ്മള്‍ വി.കെ സിങ്ങിനൊപ്പം നില്‍ക്കണം. ഈ ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലുയരുന്ന പ്രതിഷേധങ്ങളും നിലവിളികളും കൃത്രിമവും അര്‍ത്ഥമില്ലാത്തതുമാണ്.” സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റില്‍ പറയുന്നു.
PTs: We must stand with V. K. Singh. The howls and protests on his alleged anti SC remark are synthetic and mischievous
— Subramanian Swamy (@Swamy39) October 23, 2015
ഹരിയാനയില്‍ ദളിത് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വി.കെ സിങ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. “ഒരു പട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതില്‍ സര്‍ക്കാറിന് ഉത്തരവാദിത്തമില്ല” എന്നായിരുന്നു വി.കെ സിങ്ങിന്റെ പരാമര്‍ശം. ഇത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും സര്‍ക്കാറിനെ ഇതുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരുകയും സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി വി.കെ സിങ്ങിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.