| Friday, 12th October 2018, 8:22 pm

എം.ജെ അക്ബറിനെതിരായ വെളിപ്പെടുത്തലുകള്‍: പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: “മീ ടൂ” വെളിപ്പെടുത്തലുകളുടെ ഭാഗമായി കേന്ദ്ര സഹമന്ത്രി എം.ജെ അക്ബറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത് ഒരു സ്ത്രീ മാത്രമല്ലെന്നും നിരവധി സ്ത്രീകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മീ ടൂ വെളിപ്പെടുത്തലുകളെ പിന്തുണയ്ക്കുന്നുവെന്ന് താന്‍ നേരത്തെതന്നെ വ്യക്തമാക്കിയതാണ്. ദീര്‍ഘകാലത്തിനുശേഷം ഇത്തരം വെളിപ്പെടുത്തല്‍ നടത്തുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ല. പ്രധാനമന്ത്രി ഇതേപ്പറ്റി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


“മീ ടൂ” ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അക്ബര്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന കാലത്ത് അദ്ദേഹത്തില്‍നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി പല സ്ത്രീകളും രംഗത്തെത്തിയിരുന്നു.

അതേസമയം, കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണത്തില്‍ സര്‍ക്കാരിന് പ്രതികരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി പറഞ്ഞിരുന്നു. ആരോപണത്തില്‍ ഉന്നയിക്കുന്ന സംഭവങ്ങള്‍ നടക്കുന്ന സമയം അക്ബര്‍ മന്ത്രിയായിരുന്നില്ലെന്നും അത് അക്ബറും ആ സ്ത്രീയും തമ്മിലുള്ള വിഷയം മാത്രമാണെന്നും ഉമാ ഭാരതി പറഞ്ഞു.

“വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആരോപണമാണിത്. ആ സമയത്ത് അക്ബര്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നില്ല. അക്ബറും ആ സ്ത്രീയും തമ്മിലുള്ള വിഷയം മാത്രമാണ് ഇത്. സര്‍ക്കാരിന് ഇതിലൊന്നും പറയാനില്ല.”- ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.


“മീ ടൂ” വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കുന്നതിനായി കേന്ദ്രമന്ത്രി മേനകാ ഗാന്ധി പ്രത്യേക സമിതിയെ നിയമിച്ചിട്ടുണ്ട്. നാലു മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘമാണ് സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കുക. മീ ടൂ ക്യാംപെയ്‌നില്‍ വന്ന എല്ലാ വെളിപ്പെടുത്തലുകളും സംഘം പരിശോധിക്കും.

Latest Stories

We use cookies to give you the best possible experience. Learn more