ന്യൂദല്‍ഹി: കേരള ഗവര്‍ണര്‍- കേരള സര്‍ക്കാര്‍ പോരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് അദ്ദേഹം പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗവര്‍ണര്‍ പ്രതിനിധാനം ചെയ്യുന്നത് കേന്ദ്രത്തെയാണെന്നത് കേരളത്തിലെ ഭ്രാന്തന്മാരായ കമ്യൂണിസ്റ്റുകാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഭരണഘടന പ്രകാരം ഗവര്‍ണര്‍ ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തന്‍ കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചറിയണം.
ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്.
അതേസമയം, സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ട്. ഇതുസംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള ആലോചനകളാണ് നടക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11.30നകം വി.സിമാര്‍ രാജിവെക്കണമെന്നായിരുന്നു ഗവര്‍ണര്‍ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ രാജിവെക്കില്ലെന്നും കോടതിയെ സമീപിക്കില്ലെന്നും വി.സിമാര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെ നടന്ന വി.സി നിയമനങ്ങള്‍ക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ അസാധാരാണമായ നടപടി എടുത്തിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം വി.സിമാരോട് രാജിവെക്കാന്‍ ഒരു ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്.
കേരള, എം.ജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്‌കൃതം, മലയാളം എന്നീ സര്‍വകലാശാലകളിലെ വി.സിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്.
Content Highlight: Subramanian Swamy Says Modi govt should be ready to dissolve govt if mad communists touch Kerala governor