ന്യൂദല്‍ഹി: വായ്പാ തട്ടിപ്പു കേസില്‍ രാജ്യം വിടുന്നതിനു മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലിനു പിന്നാലെ ജെയ്റ്റ്‌ലിയ്‌ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. മല്യയുടെ ആരോപണത്തിലെ വസ്തുതകള്‍ അക്കമിട്ട് നിരത്തിയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം.
“മല്യ നാടുവിട്ട സംഭവവുമായി ബന്ധപ്പെട്ട് നിഷേധിക്കാനാവാത്ത രണ്ടു വസ്തുതകള്‍ നമ്മുടെ മുമ്പില്‍ ഇപ്പോഴുണ്ട്. 1. 2015 ഒക്ടോബര്‍ 24ന് ലുക്ക് ഔട്ട് നോട്ടീസില്‍ വെള്ളം ചേര്‍ത്തുവന്നത്. മല്യയെ “തടയണം” എന്ന വാക്ക് മാറ്റി “റിപ്പോര്‍ട്ട് ചെയ്യണം” എന്നാക്കുക വഴി മല്ല്യയ്ക്ക് ചെക്കു ചെയ്ത 54 ലഗേജുകളുമായി നാടുവിടാന്‍ കഴിഞ്ഞു. 2. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ധനമന്ത്രിയെ കണ്ട് മല്യ താന്‍ ലണ്ടനിലേക്ക് പോകുകയാണെന്ന് പറഞ്ഞു.” എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.
മല്യ നാടുവിടുന്നത് തടയണമെന്ന തരത്തില്‍ സി.ബി.ഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസില്‍ വെള്ളം ചേര്‍ത്തുവെന്ന ആരോപണം നേരത്തെയും സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിച്ചിരുന്നു. 2016 ജൂണിലായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ഈ ആരോപണം ഉന്നയിച്ചത്.
മല്യ നാടുവിടുമ്പോള്‍ രാജ്യസഭാ എം.പിയായിരുന്നു. അദ്ദേഹത്തിനെതിരെ സി.ബി.ഐയുടെ ലുക്ക് ഔട്ട് നോട്ടീസും നിലവിലുണ്ടായിരുന്നു. പക്ഷേ, 2016 മാര്‍ച്ച് രണ്ടിനു ദല്‍ഹി വിമാനത്താവളത്തില്‍ 12 പെട്ടികളുമായി ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ കയറാനെത്തിയ സമയത്ത് മല്യയുടെ പേരിലുള്ള ലുക്ക് ഔട്ട് നോട്ടിസും തടയുക (ഡിറ്റെയിന്‍) എന്ന അറിയിപ്പും കംപ്യൂട്ടറില്‍നിന്ന് മാറിയിരുന്നു. പകരം ആ സ്ഥാനത്ത് വിവരം അറിയിക്കുക (റിപ്പോര്‍ട്ട്) എന്ന സന്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് എങ്ങിനെ സംഭവിച്ചു എന്ന് ഇതുവരെ ഒരന്വേഷണവും നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തുവന്നിരിക്കുന്നത്.
മല്യയുടെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാറിനെ ഇതിനകം തന്നെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ എല്ലാ വ്യവസായികളുടെയും വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ അറിയിച്ചിരുന്നു എന്നും ഒരു നടപടിയും ഉണ്ടായില്ലാ എന്നുമുള്ള റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞതും മല്യയുടെ വെളിപ്പെടുത്തലും കേന്ദ്രസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
നേരത്തെ വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിജയ് മല്യ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നേതാക്കന്മാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ രാഹുല്‍ അന്ന് തയാറായിരുന്നില്ല. രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
വായ്പ്പാത്തട്ടിപ്പ് കേസില്‍ രാജ്യം വിടുന്നതിന് ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ധനമന്ത്രി സ്ഥാനത്ത് നിന്ന് അന്വേഷണം കഴിയുന്നത് വരെ മാറി നില്‍ക്കാന്‍ അരുണ്‍ ജയ്റ്റ്‌ലി തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
2016 ല്‍ ദല്‍ഹി വിമാനത്താവളത്തില്‍നിന്ന് മല്യ ജനീവ വഴി ലണ്ടനിലേക്ക് പോകുന്നതിനു മുന്‍പു തന്നെ മോദി സര്‍ക്കാരിന് അദ്ദേഹത്തിന്റെ ബാങ്ക് തട്ടിപ്പുകളുടെ പൂര്‍ണവിവരം അറിയാമായിരുന്നു എന്നു കൂടിയാണ് കഴിഞ്ഞദിവസങ്ങളില്‍ വ്യക്തമായത്.
We have now two undeniable facts on the Mallya escape issue: 1. Look Out Notice was diluted on Oct 24, 2015 from “Block” to “Report” departure enabling Mallya to depart with 54 checked luggage items. 2. Mallya told FM in Central Hall of Parliament that he was leaving for London.
— Subramanian Swamy (@Swamy39) September 13, 2018