| Friday, 5th April 2019, 8:44 am

എന്റെ മകള്‍ മതം മാറിയിട്ടില്ല; ബി.ജെ.പി അനുഭാവിയോട് കയര്‍ത്ത് സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെ മകള്‍ സുഹാസിനി ഹൈദര്‍ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയതാണെന്ന് പറഞ്ഞ ബി.ജെ.പി പ്രവര്‍ത്തകനോട് കയര്‍ത്ത് മുതിര്‍ന്ന് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇയിലെ പരമോന്നത ബഹുമതി നല്‍കി ആദരിക്കാനുള്ള രാജകുടുംബത്തിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള സുഹാസിനിയുടെ ട്വീറ്റിന് കീഴിലാണ് സുലാഗ്ന ദാഷ് എന്ന ബി.ജെ.പി പ്രവര്‍ത്തക സുഹാസിനിയെ മതം മാറിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത്.

“അബുദാബിയിലെ ക്ഷേത്രം സന്ദര്‍ശിച്ചതിനാലാണോ മോദിക്ക് സായിദ് മെഡല്‍ നല്‍കാന്‍ തീരുമാനിച്ചത്. എന്തു തന്നെയായാലും വിദേശ രാജ്യങ്ങള്‍ ഇത്തരം തീരുമാനങ്ങളെടുക്കാന്‍ തെരഞ്ഞൈടുപ്പ് സമയം തന്നെ കണ്ടെത്തുന്നത് സംശയകരമാണ്”- എന്നായിരുന്നു സുഹാസിനിയുടെ ട്വീറ്റ്. ഈ മതം മാറിയ മുസ്ലിം സ്ത്രീ എന്തിനാണ് എല്ലായ്‌പ്പോഴും ഹിന്ദുക്കള്‍ക്കും ബി.ജെ.പിക്കും എതിരെ സംസാരിക്കുന്നതെന്നായിരുന്നു ദാഷിന്റെ മറുപടി.

എന്നാല്‍ ദാഷിന് മറുപടി നല്‍കാന്‍ സുബ്രഹ്മണ്യന്‍ സ്വാമി തന്നെ രംഗത്തെത്തുകയായിരുന്നു. “നിങ്ങള്‍ ഒന്നുകില്‍ മണ്ടനാണ്, അല്ലെങ്കില്‍ കള്ളം പറയുകയാണ്. അവര്‍ മതം മാറിയിട്ടില്ല”- സ്വാമി ട്വീറ്റ് ചെയ്തു.

നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിനാലാണ് മോദിയെ സായിദ് പദവി നല്‍കി ആദരിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു യു.എ.ഇയുടെ വാദം.

ദ ഹിന്ദുവിന്റെ നാഷനല്‍ എഡിറ്ററും ഡിപ്ലോമാറ്റിക് അഫയേഴ്‌സ് എഡിറ്ററും ആണ് സുഹാസിനി. മുന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ഹൈദറിന്റെ മകന്‍ നദീം ഹൈദറിനെയാണ് സുഹാസിനി വിവാഹം ചെയ്തത്.

We use cookies to give you the best possible experience. Learn more