'പി.കെ'യുടെ സാമ്പത്തിക ഉറവിടം ദുബൈയും ഐ.എസ്.ഐയും: സുബ്രഹ്മണ്യന്‍ സ്വാമി
Daily News
'പി.കെ'യുടെ സാമ്പത്തിക ഉറവിടം ദുബൈയും ഐ.എസ്.ഐയും: സുബ്രഹ്മണ്യന്‍ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th December 2014, 8:20 am

pk_640x480_41419233893മുംബൈ: ആമിര്‍ ഖാന്‍ നായകനായ രാജ്കുമാര്‍ ഹിറാനി ചിത്രം “പി.കെ”യ്‌ക്കെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ചിത്രത്തിന്റെ സാമ്പത്തിക ഉറവിടത്തെ ചോദ്യം ചെയ്താണ് സ്വാമി രംഗത്തെത്തിയത്.

“ആരാണ് “പി.കെ”യ്ക്കുവേണ്ടി പണം മുടക്കിയത്? എനിക്കു കിട്ടിയ വിവരം അനുസരിച്ച് ഇത് ദുബൈയില്‍ നിന്നും ഐ.എസ്.ഐയില്‍ നിന്നുമാണ്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഇതിനെക്കുറിച്ച് അന്വേഷിക്കണം.” സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

“പി.കെ”യുടെ ഉള്ളടക്കം ഇതിനകം വന്‍ വിവാദങ്ങള്‍ക്കാണു വഴിവെച്ചിരിക്കുന്നത്. ചിത്രത്തിനെതിരെ നിരവധി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു മതവിശ്വാസങ്ങളെ ചിത്രം പരിഹസിക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം.

മുംബൈ, അഹമ്മദാബാദ്, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിയ്യേറ്ററുകള്‍ക്കുനേരെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം ഉണ്ടായിരുന്നു. കൂടാതെ ചിത്രത്തിനെ സോഷ്യല്‍ മീഡിയകളിലൂടെയും ശക്തമായ പ്രചരണമാണ് നടക്കുന്നത്.

ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ നിരോധിക്കണമെന്ന ആവശ്യവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നിരോധിക്കണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അതും ഫലം കണ്ടില്ല.

തുര്‍ന്ന് ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ “പി.കെ”യിലെ ഒരു സീന്‍ പോലും കട്ടു ചെയ്യാന്‍ പറ്റില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിക്കുകയായിരുന്നു. ഇതോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നീങ്ങിയത്.