| Tuesday, 2nd July 2019, 10:31 am

മോദി സര്‍ക്കാര്‍ എന്റെ കാഴ്ചപ്പാടുകള്‍ക്ക് ചെവിതരുന്നില്ല: ചൈനയിലേക്ക് പോകുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും തനിക്ക് യാതൊരു പ്രാധാന്യവും ലഭിക്കുന്നില്ലെന്ന് ബി.ജെ.പിയുടെ രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. മോദി സര്‍ക്കാര്‍ തന്നെ കാഴ്ചപ്പാടുകള്‍ക്ക് പരിഗണന നല്‍കാത്തതിനാല്‍ ചൈനയിലേക്ക് പോകുകയാണെന്നാണ് സ്വാമി ട്വിറ്ററിലൂടെ അറിയിച്ചത്.

‘ സെപ്റ്റംബറില്‍ ചൈനയുടെ സാമ്പത്തിക വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കൂടുന്ന പണ്ഡിതസഭയെ അഭിസംബോധന ചെയ്യാന്‍ ചൈനയിലെ പ്രമുഖ സിംഗ്വ യൂണിവേഴ്‌സിറ്റി എന്നെ ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ 70 വര്‍ഷത്തെക്കുറിച്ച് പുനപരിശോധിക്കാന്‍. എന്റെ കാഴ്ചപ്പാടുകള്‍ അറിയാന്‍ നരേന്ദ്രമോദിയ്ക്ക് യാതൊരു താല്‍പര്യമില്ലാത്തതിനാല്‍ ഞാന്‍ ചൈനയിലേക്ക് പോകുകയാണ്.’ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.

നേരത്തെ, സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടാന്‍ വേണ്ടിയാണ് പുതിയ ധനകാര്യമന്ത്രിയായി നിര്‍മ്മലാ സീതാരാമനെ നിയമിച്ചിരിക്കുന്നതെന്ന തന്റെ ഫോളോവേഴ്‌സിന്റെ വാദത്തെ സ്വാമി പരസ്യമായി പിന്തുണച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അവരുടെ അടുത്ത ലക്ഷ്യമെന്നും ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ എസ്.കെ ശ്രീവാസ്തവയുടെ നിര്‍ബന്ധിത വിരമിക്കലില്‍ കേന്ദ്രസര്‍ക്കാറിനെ സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചിരുന്നു. അയാള്‍ക്കെതിരെ സുപ്രധാനമായ കേസുകളൊന്നും തന്നെയില്ലെന്നും സ്വാമി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more