ന്യൂദല്‍ഹി: ആര്‍.ബി.ഐയുടെ പുതിയ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനൊപ്പം അഴിമതികളില്‍ പങ്കാളിയായ ശക്തികാന്ത ദാസിനെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ച തീരുമാനം തെറ്റാണെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.
“പല അഴിമതിക്കേസുകളിലും ചിദംബരത്തെ രക്ഷിക്കാന്‍ ശക്തികാന്ത ദാസ് ശ്രമിച്ചിട്ടുണ്ട്. ഇത്തരമൊരാളെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചത് എന്തിനെന്ന് അറിയില്ലെന്നും” സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ശക്തികാന്ത ദാസിനെ ആര്‍.ബി.ഐ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. നോട്ട് നിരോധനകാലത്ത് കേന്ദ്രസര്‍ക്കാറിന്റെ വക്താവായി പ്രവര്‍ത്തിച്ചത് ശക്തികാന്ത ദാസ് ആയിരുന്നു. ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്.
ധനകാര്യ കമ്മീഷന്‍ അംഗമാണ് ശക്തികാന്ത ദാസ്. മുന്‍ ധനകാര്യ സെക്രട്ടറിയായ ദാസ് തമിഴ്നാട്ടില്‍ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ അടുപ്പക്കാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജിയെന്നാണ് അറിയിച്ചത്. കേന്ദ്രസര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങള്‍ മൂലം ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
കഴിഞ്ഞ മാസം 19ന് രാജിവയ്ക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹവുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചതോടെ രാജി നീണ്ടുപോവുകയായിരുന്നു.
റിസര്‍വ്വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലായിരുന്നു അസ്വാരസ്യങ്ങള്‍ക്കുള്ള പ്രധാന കാരണം. ഊര്‍ജിത് പട്ടേല്‍ നോട്ട് നിരോധനത്തിനെതിരെ രംഗത്ത് വന്നതും വിവാദമായിരുന്നു. തന്റെ അറിവോടെയല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്ന ഊര്‍ജിത് പട്ടേലിന്റെ വെളിപ്പെടുത്തലും സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.