ന്യൂദല്‍ഹി: സത്യം പറയാത്ത മന്ത്രിമാരെയും ചില സുഹൃത്തുക്കളെയുമാണ് സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വസിക്കുന്നതെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രതിസന്ധി തരണം ചെയ്യേണ്ടത് എങ്ങനെയാണെന്നതിനെപ്പറ്റി അവരൊന്നും പറയില്ലെന്നും സ്വാമി പറഞ്ഞു.
‘റീസെറ്റ്: റീഗെയിനിങ് ഇന്ത്യാസ് എക്കണോമിക് ലെഗസി’ എന്ന പുസ്തകത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സ്വാമി വിവരിക്കുന്നത്.
നിലവിലെ പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ അപ്പാടെ കൂപ്പുകുത്തിക്കുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ടുനിരോധനമെന്ന വിഡ്ഢിത്തവും ബാലിശമായ ജി.എസ്.ടിയുമാണ് സമ്പദ്‌വ്യവസ്ഥയെ മൂക്കുകുത്തിച്ചതെന്നും സ്വാമി ആരോപിച്ചു.
ഇന്ത്യയെ അതിവേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കാന്‍ താന്‍ കുറച്ചു നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നെന്നും സ്വാമി പറഞ്ഞു.
ഒന്നാം മോദിസര്‍ക്കാരിന്റെ കാലത്ത് സാമ്പത്തികരംഗത്തുണ്ടായ വീഴ്ചകള്‍ തെരഞ്ഞെടുപ്പ് വേദിയില്‍ ചര്‍ച്ചയാകാതെ പോയത് രാജ്യസുരക്ഷയിലൂന്നി ബി.ജെ.പി പ്രചാരണം നടത്തിയതിനാലാണെന്ന് മോദിസര്‍ക്കാര്‍ രണ്ടാംവട്ടം അധികാരത്തിലേറുന്നതിനു മുന്‍പ് സ്വാമി പറഞ്ഞത് ഏറെ വിവാദമായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘സാമ്പത്തികരംഗത്തെക്കുറിച്ചു പറഞ്ഞാല്‍ വോട്ട് കിട്ടില്ലായിരുന്നു. അതിനു വൈകാരികമായ എന്തെങ്കിലും വിഷയം വേണമായിരുന്നു. പുല്‍വാമ സംഭവത്തിനു ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു.’- അദ്ദേഹം പറഞ്ഞു.
സ്വാമിയെ ധനമന്ത്രിയാക്കണമെന്ന ആവശ്യവുമായി ബി.ജെ.പിക്കുള്ളില്‍ത്തന്നെ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളും ഇതുതന്നെ ആവശ്യപ്പെട്ടിരുന്നു.