രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം; ദൽഹി ഹൈക്കോടതിയെ സമീപിച്ച് സുബ്രഹ്മണ്യൻ സ്വാമി
national news
രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം; ദൽഹി ഹൈക്കോടതിയെ സമീപിച്ച് സുബ്രഹ്മണ്യൻ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th August 2024, 8:02 pm

ന്യൂദൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന തന്റെ അപേക്ഷയിൽ തീരുമാനമെടുക്കൻ ആഭ്യന്തര മന്ത്രാലയത്തോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ദൽഹി ഹൈക്കോടതിയെ സമീപിച്ചു.

ഹരജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കുമെന്നാണ് കരുതുന്നത്. അഭിഭാഷകനായ സത്യ സബർവാളാണ് സുബ്രഹ്മണ്യൻ സ്വാമിക്ക് വേണ്ടി ഹരജി സമർപ്പിച്ചത്.

ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന് രാഹുൽ ഗാന്ധി സ്വയം വ്യക്തമാക്കിയിട്ടുള്ളതിനാൽ അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് 2019ൽ കത്തെഴുതിയിരുന്നു.

രാഹുൽ ഗാന്ധി 2003ൽ ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളും സെക്രട്ടറിയുമായിരുന്നെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.

2005 ഒക്ടോബർ 10 നും 2006 ഒക്ടോബർ 31 നും സമർപ്പിച്ച കമ്പനിയുടെ വാർഷിക റിട്ടേണിൽ രാഹുൽ ഗാന്ധി തൻ്റെ പൗരത്വം ബ്രിട്ടീഷുകാരനാണെന്ന് പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, 2009 ഫെബ്രുവരി 17 ന് കമ്പനി പിരിച്ചുവിടൽ അപേക്ഷയിൽ രാഹുൽ ഗാന്ധിയുടെ ദേശീയത ബ്രിട്ടീഷുകാരാണെന്ന് സൂചിപ്പിച്ചിരുന്നു. ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9ൻ്റെയും 1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിൻ്റെയും ലംഘനമാണെന്നും സ്വാമി പറയുകയുണ്ടായി. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിനയച്ച കത്തിൽ പുരോഗതി ഒന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

പിന്നാലെ രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ദൽഹി ഹൈക്കോടതിയിൽ ഹരജി നൽകുകയായിരുന്നു. തൻ്റെ പരാതിയുടെ അപ്‌ഡേറ്റും സ്റ്റാറ്റസും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിരവധി നിവേദനങ്ങൾ അയച്ചെങ്കിലും നടപടിയെടുക്കുകയോ അതേ കുറിച്ച് തന്നെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് സ്വാമി തൻ്റെ ഹരജിയിൽ പറഞ്ഞു.

‘രാഹുൽ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടിരിക്കുകയാണ്. അതിനാൽ എൻ്റെ അസോസിയേറ്റ് അഭിഭാഷകൻ സത്യ സബർവാൾ ഒരു പൊതുതാത്പര്യ ഹരജി സമർപ്പിച്ചു. എന്തുകൊണ്ടാണ് രാഹുലിന്റെ ഇന്ത്യൻ പൗരത്വം എടുത്തുകളയാത്തത്,’ ഹരജി സമർപ്പിച്ചതിന് പിന്നാലെ സുബ്രഹ്മണ്യൻ സ്വാമി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

 

 

Content Highlight: Subramanian Swamy files PIL in Delhi HC seeking cancellation of Rahul Gandhi’s citizenship