|

സ്വവര്‍ഗരതി: സുപ്രീംകോടതി വിധിക്ക് പിന്നില്‍ അമേരിക്കന്‍ കളിയെന്ന് ബി.ജെ.പി. എം.പി. സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗരതി സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് പിന്നില്‍ അമേരിക്കന്‍ കളിയെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. സുബ്രഹ്മണ്യന്‍ സ്വാമിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ആറുവിരലുകളുമായി ജനിക്കുന്നതു പോലെ ജന്മനാ ഉണ്ടാകുന്ന ഇത്തരം വൈകല്യങ്ങള്‍ ചികിത്സിച്ച് നേരെയാക്കുകയാണ് വേണ്ടതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. വൈകാതെ സ്വവര്‍ഗരതിക്കാര്‍ക്കുള്ള ബാറുകളുണ്ടാകുമെന്നും എയിഡ്സ് രോഗം പടരുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

അത്തരമൊരു സാഹചര്യത്തില്‍, വിധി മറികടക്കാന്‍ അടുത്ത സര്‍ക്കാരിന് സുപ്രീംകോടതി ഏഴംഗ ബെഞ്ചിനെ സമീപിക്കേണ്ടിവരുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സ്വവര്‍ഗരതി അംഗീകരിച്ചള്ള വിധി വ്യാഴാഴ്ചയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലെന്ന് ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. 157 വര്‍ഷത്തിന് ശേഷമുള്ള ചരിത്രവിധിയാണ് ഇത്. എല്ലാവര്‍ക്കും ഏക അഭിപ്രായമായിരുന്നെന്നും വിയോജിപ്പുള്ള വിധികളില്ലെന്നും ദീപക് മിശ്ര വിധി പ്രസ്താവത്തിനിടെ പറഞ്ഞു.

377ാം വകുപ്പ് എല്‍.ജി.ബി.ടി സമൂഹത്തിന് എതിരാണ്. ഇന്ത്യന്‍ ശിക്ഷാ വകുപ്പിന്റെ 377ാം വകുപ്പ് എല്‍.ജി.ബി.ടി സമൂഹത്തിന്റെ അവകാശങ്ങളുടെ നഗ്‌നമായ ലംഘനമായിരുന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

Video Stories