കല്‍ക്കരിപ്പാടം: പ്രോസിക്യൂട്ടറാകാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം
Daily News
കല്‍ക്കരിപ്പാടം: പ്രോസിക്യൂട്ടറാകാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th July 2014, 2:58 pm

[] ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറാവാനില്ലെന്ന് മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ഗോപാല്‍ സുബ്രഹ്മണ്യം. കേസിന്റെ വിചാരണക്ക്  പ്രത്യേക കോടതി രൂപീകരിച്ച് പബ്ലിക് പ്രോസിക്യൂട്ടറായി സുബ്രഹ്മണ്യത്തെ നിയമിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഏറ്റെടുത്ത കേസുകളില്‍ തിരക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതി നിര്‍ദേശം നിരസിച്ചത്.  ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഗോപാല്‍ സുബ്രഹ്മണ്യത്തെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടത്.

കല്‍ക്കരിപ്പാടം കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി അറിയിച്ച് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് സുപ്രീംകോടതി  നിര്‍ദേശിച്ചത്.

സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് നിര്‍ദ്ദേശിച്ച കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തള്ളിയതിനാലാണ് അദ്ദേഹം പബ്ലിക് പ്രോസിക്യൂട്ടര്‍ ചുമതല  ഏറ്റെടുക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.