പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20യും മൂന്ന് ഏകദിനവുമടങ്ങുന്ന പരമ്പരക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ട് ഫോര്‍മാറ്റിലേയും സ്‌ക്വാഡ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
എന്നാല്‍ ശ്രീലങ്കക്കെതിരെയുള്ള ടി-20 ടീമില്‍ നിന്നും ഋതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ് എന്നീ താരങ്ങള്‍ ഇടംനേടിയിരുന്നില്ല. ഫിനിഷിങ് റോളില്‍ ഇറങ്ങി മികച്ച പ്രകടനങ്ങള്‍ നടത്താനുള്ള അസാമാന്യ കഴിവുള്ള താരമായിരുന്നിട്ടും റിങ്കുവിനെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അവഗണിക്കുകയായിരുന്നു.
ഋതുരാജിന്റെ മിന്നും പ്രകടനങ്ങളും സെലെക്ഷന്‍ കമ്മിറ്റി കാണാതെ പോവുകയായിരുന്നു.
ഇന്ത്യക്കായി 20 ടി-20 മത്സരങ്ങളില്‍ നിന്നും 633 റണ്‍സ് നേടിക്കൊണ്ട് മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും താരത്തിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല.
ഇപ്പോഴിതാ ഇരു താരങ്ങളെയും ശ്രീലങ്കന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ പ്രതികരിച്ചുകൊണ്ടു മുന്നോട്ടുവന്നിരിക്കുകയാണ് ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദ്രിനാഥ്. ഇന്ത്യന്‍ ടീമില്‍ ഇടം നേടണമെങ്കില്‍ ഒരു മോശം ഇമേജ് ഉണ്ടാവണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു ബദ്രിനാഥ്.
‘റിങ്കു സിങ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെപ്പോലുള്ള താരങ്ങളെ ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുക്കാത്തപ്പോള്‍ ഇവര്‍ക്കെല്ലാം ഒരു മോശം പ്രതിച്ഛായ ആവശ്യമാണെന്ന് ചിലപ്പോള്‍ തോന്നും ഇവര്‍ക്കെല്ലാം ഇന്ത്യന്‍ ടീമില്‍ ഇടം നേടണമെങ്കില്‍ ചില ബോളിവുഡ് നടിമാരുമായി ബന്ധം പുലര്‍ത്തണം നല്ല ഒരു മാധ്യമസഹായിയും നിങ്ങള്‍ക്ക് ഉണ്ടാവണം ഇതിന് പുറമെ ശരീരത്തില്‍ ടാറ്റുകള്‍ ഉണ്ടായിരിക്കണം,’ ബദ്രിനാഥ് പറഞ്ഞു.