ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ദിനത്തിലെ മഴ ഇടവേളയില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സമനിലയിലായ ഗാബ ടെസ്റ്റില്‍ ആരാധകരെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു അത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്‍ ബൗളറും ഓള്‍ റൗണ്ടറുമായ അശ്വിന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റിനോട് വിട പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ടെസ്റ്റില്‍ 500ല്‍ അധികം വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ഒരു തമിഴ്‌നാട് സ്വദേശിയായതുകൊണ്ട് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദരിനാഥ്. ഒരു തമിഴ്‌നാട് താരം ഇന്ത്യന്‍ ടീമില്‍ എത്തുന്നത് വലിയ കാര്യമാണെന്നും മറ്റ് സംസ്ഥാനത്ത് ഉള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുമെന്നും മുന്‍ താരം പറഞ്ഞു.
‘ഞാന്‍ ഞെട്ടിപ്പോയി. അവനെ തീരെ പരിഗണിച്ചില്ലെന്ന് തോന്നി. പെര്‍ത്ത് ടെസ്റ്റിന് ശേഷം വാഷിങ്ടണാണ് ടീമില്‍ വരുന്നതെന്നും അശ്വിന്‍ അസന്തുഷ്ടനായിരുന്നുവെന്ന് അവര്‍ പറയുന്നു, തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ക്രിക്കറ്റ് താരം ടീമിലെത്തുന്നത് വലിയ കാര്യമാണ്. മറ്റ് സംസ്ഥാനങ്ങളിലെ കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.
വെല്ലുവിളികള്‍ക്കിടയിലും അശ്വിന്‍ 500ലധികം ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കി. അവന് ഒരുപാട് കാര്യങ്ങള്‍ അനുഭവിക്കേണ്ടിവന്നു. അവന്‍ ഒരുപാട് എഫേര്‍ട്ട് എടുക്കേണ്ടി വന്നു. എന്നാല്‍ തനിക്കെതിരെ ചില ഗൂഢാലോചന നടന്നപ്പോള്‍ അശ്വിന്‍ തിരിച്ചുവന്നു,’ സുബ്രഹ്‌മണ്യം ബദരിനാഥ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് തമിഴില്‍ പറഞ്ഞു
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ 106 മത്സരങ്ങളിലെ 200 ഇന്നിങ്സില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഏകദിനത്തില്‍ 116 മത്സരത്തിലെ 114 ഇന്നിങ്സില്‍ നിന്ന് 156 വിക്കറ്റും ടി-20ഐയില്‍ 65 മത്സരങ്ങളില്‍ നിന്ന് 72 വിക്കറ്റും അശ്വിന്‍ നേടി.