| Sunday, 14th June 2020, 10:50 am

'ഇതൊക്കെ നമ്മുടെ തോല്‍വിയാണ് കേട്ടോ'; നേപ്പാള്‍ ഭൂപടത്തില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. മോദി സര്‍ക്കാരിന്റെ വിദേശനയത്തെ ചോദ്യം ചെയ്ത് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി.

‘ഇന്ത്യയുടെ പ്രദേശം ആവശ്യപ്പെടാന്‍ നേപ്പാളിനെങ്ങനെ സാധിക്കുന്നു? ഇന്ത്യയുമായുള്ള ബന്ധം വേര്‍പിരിയാന്‍ ആഗ്രഹിക്കാന്‍ മാത്രം അവരെ വേദനിപ്പിച്ചത് എന്താണ്? ഇത് നമ്മുടെ പരാജയമല്ലേ? വിദേശനയത്തില്‍ പുനരാലോചന വേണ്ടിയിരിക്കുന്നു’, അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയുള്ള ഭൂപടം ശനിയാഴ്ച നേപ്പാള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. നേപ്പാള്‍ പാര്‍ലമെന്റിലെ ആകെ അംഗസംഖ്യയായ 275ല്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് ബില്ല് പാസ്സായത്. അതേസമയം ഭൂപടം നിലനില്‍ക്കുന്നതല്ലെന്നും അതിര്‍ത്തി സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളുടെ ധാരണയ്ക്ക് എതിരാണെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്.

നേപ്പാള്‍ പാര്‍ലമെന്റില്‍ പാസായ ബില്‍ ഇനി ദേശീയ അംസബ്ലിയിലേക്കാണ് അയക്കുക. ബില്ലിന്റെ വ്യവസ്ഥിതികള്‍ക്കനുസൃതമായി ഭേദഗതികളില്‍ വരുത്താന്‍ 72 മണിക്കൂര്‍ സമയം ആണ് നല്‍കുക.

ദേശീയ അംസബ്ലി ബില്‍ പാസാക്കിയ ശേഷം ഇത് രാഷട്രപതിക്ക് സമര്‍പ്പിക്കും. ഇതിനു ശേഷമാണ് ബില്‍ ഭരണഘടനയില്‍ ചേര്‍ക്കുക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more