Advertisement
national news
അലോക് വര്‍മ്മയോട് ചെയ്തത് അനീതി; സുപ്രീം കോടതി നീതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു: സി.ബി.ഐ വിവാദത്തില്‍ മോദി സര്‍ക്കാറിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 16, 07:17 am
Friday, 16th November 2018, 12:47 pm

 

ന്യൂദല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മ്മയെ പുറത്താക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനീതിയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സുപ്രീം കോടതിയില്‍ നിന്നും അദ്ദേഹത്തിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

“അലോക് വര്‍മ്മ ദല്‍ഹി പൊലീസ് കമ്മീഷണറായിരുന്ന കാലം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. എയര്‍സെല്‍ മാക്‌സിസ് കേസുകളിലും മറ്റും അദ്ദേഹം അന്വേഷണം നടത്തിയിരുന്ന കാലത്ത് കണ്ടിട്ടുമുണ്ട്. സത്യസന്ധനായ വ്യക്തിയായിട്ടാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തോട് ഏറെ അനീതി ചെയ്തിട്ടുണ്ട്. അഴിമതിക്കെതിരായ പോരാട്ടത്തെ അത് തളര്‍ത്തും. സുപ്രീം കോടതി അദ്ദേഹത്തിന് നീതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.” എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.

സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയ്‌ക്കെതിരെ അഴിമതി ആരോപണത്തില്‍ കേസെടുത്തതിനു പിന്നാലെയാണ് അലോക് വര്‍മ്മയെ അര്‍ദ്ധരാത്രിയോടെ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയത്.

Also Read:ആ വിമാനത്താവളത്തിലേത് വെറുമൊരു ആള്‍ക്കൂട്ടമല്ല; കേരളത്തില്‍ ഹിന്ദുത്വ ഭീകരത നടപ്പിലാക്കാന്‍ സംഘപരിവാര്‍ തൊടുത്തുവിട്ട ആയുധങ്ങളാണ്‌

നിയമപ്രകാരം രണ്ടുവര്‍ഷം അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയുണ്ട് എന്നിരിക്കെയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കിയത്. ഇതിനെതിരെ അലോക് വര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

മോദി സര്‍ക്കാറിന്റെ അടുപ്പക്കാരനെന്ന് അറിയപ്പെടുന്ന രാകേഷ് അസ്താനക്കെതിരെയുള്ള കേസിനൊപ്പം റഫേല്‍ ഇടപാടില്‍ സി.ബി.ഐ ഡയറക്ടറുടെ നീക്കങ്ങളുമാണ് സര്‍ക്കാറിനെ ചൊടിപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

റാഫേല്‍ ഇടപാടില്‍ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ ഡയറക്ടര്‍ പ്രതിരോധ മന്ത്രാലയത്തോട് ചില ഫയലുകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണത്തിന് തയ്യാറെടുക്കുമ്പോഴാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ ചുമതലയില്‍ നിന്ന് മാറ്റിയത്.