| Thursday, 26th July 2018, 2:13 pm

പാകിസ്ഥാന്‍ ഇനി യുദ്ധപ്രഖ്യാപനം നടത്തുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; തെരഞ്ഞെടുപ്പു ഫലം നയതന്ത്ര ബന്ധങ്ങളെ സ്വാധീനിച്ചേക്കില്ലെന്ന് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ വിജയമുറപ്പിച്ചതോടെ പാകിസ്ഥാന്‍ ഇന്ത്യയുമായി യുദ്ധമാരംഭിക്കാനുള്ള സാധ്യതയുണ്ടെന്ന് താന്‍ സംശയിക്കുന്നതായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇതിനായി രാജ്യം തയ്യാറെടുക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

“പാകിസ്ഥാനെ നാലായി തകര്‍ക്കാന്‍ നമ്മള്‍ തയ്യാറായിരിക്കണം. ഇതിനുള്ള അവസരമാണ് നമ്മള്‍ നോക്കിയിരിക്കേണ്ടത്.” സ്വാമി മാധ്യമങ്ങളോടു പറഞ്ഞു. ഇമ്രാന്‍ ഖാന്‍ നവാസ് ഷരീഫിനെപ്പോലെത്തന്നെ ഒരു പാവ മാത്രമാണെന്നും പാകിസ്ഥാനിലെ എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരും ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെയും സൈന്യത്തിന്റെയും താലിബാന്റെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

എന്നാല്‍ ഇമ്രാന്‍ ഖാന്റെ വിജയം ഇന്ത്യ-പാക് ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറയുന്നു. ഇമ്രാന്റെ വിജയം അവിശ്വസനീയമല്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.


Also Read: ഹാഫിസ് സഈദിന്റെ പാര്‍ട്ടിയെ തള്ളി പാക് ജനത; സഈദിന്റെ മകനടക്കം മത്സരിച്ച 265 സ്ഥാനാര്‍ത്ഥികളും തോല്‍വിയിലേക്ക്


“ഇമ്രാന്റെ രണ്ടു മുഖങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഒന്ന് ഒരു കടുംപിടിത്തക്കാരന്റേതാണ്. മറ്റേതാകട്ടെ, ലണ്ടനിലും ദല്‍ഹിയിലുമെല്ലാം നമ്മള്‍ കണ്ടിട്ടുള്ള പുരോഗമനവാദിയുടേതും. ഇന്തോ-പാക് ബന്ധങ്ങളെ ഈ അധികാര മാറ്റം ഒരിക്കലും പ്രതികൂലമായി ബാധിക്കില്ല.” തരൂര്‍ നിരീക്ഷിക്കുന്നു.

സൈന്യത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന മുത്തിഹാദ മജ്‌ലിസ് ഇ അമല്‍ അടക്കമുള്ള പാര്‍ട്ടികളെയും മറ്റു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും ആശ്രയിച്ചുകൊണ്ടു മാത്രമേ ഇമ്രാന്‍ ഖാനു മുന്നോട്ടു പോകാനാകൂ എന്ന് തരൂര്‍ ശരിവയ്ക്കുന്നുണ്ട്. സൈന്യത്തിന്റെ സ്വാധീനം ഭരണകാര്യങ്ങളില്‍ പ്രകടമായിരിക്കുമെന്നതിന്റെ സൂചനയാണിത്.

ഇമ്രാന്‍ ഖാന്റെ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുന്നത്. പി.ടി.ഐക്ക് 113ഉം പി.എം.എല്‍-എനിന് 64ഉം പി.പി.പിയ്ക്ക് 43ഉം സീറ്റുകളാണ് ലഭിച്ചത്.


Also Read: “അപാര പാണ്ഡിത്യം”; ഇമ്രാന്‍ ഖാന് പകരം വസീം അക്രത്തിന്റെ ചിത്രം നല്‍കിയ ബി.ബി.സിയെ വലിച്ചുകീറി സോഷ്യല്‍ മീഡിയ


തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗികഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പി.ടി.ഐ പ്രവര്‍ത്തകര്‍ പാകിസ്താനില്‍ ആഹ്ലാദപ്രകടനം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഫലം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് പി.എം.എല്‍-എന്‍ നേതാവ് ഷെഹബാസ് ഷെരീഫും പി.പി.പിയുടെ ബിലാവല്‍ ബൂട്ടോയും രംഗത്തെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more