ഇന്നത്തെ നടന്മാരോട് അസൂയ തോന്നാറുണ്ട്; ഞാൻ കനൽ വഴി പിന്നിട്ടാണ് ഇവിടെ എത്തിയത് : സുബീഷ് സുധി
Film News
ഇന്നത്തെ നടന്മാരോട് അസൂയ തോന്നാറുണ്ട്; ഞാൻ കനൽ വഴി പിന്നിട്ടാണ് ഇവിടെ എത്തിയത് : സുബീഷ് സുധി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th February 2024, 6:03 pm

ഇന്നത്തെ പുതിയ നടന്മാരോടൊക്കെ വലിയ ബഹുമാനവും അസൂയയും തോന്നാറുണ്ടെന്ന് നടൻ സുബീഷ് സുധി. ഇന്നത്തെ നടന്മാരോടൊക്കെ കുടുംബത്തിൽ നിന്നും മറ്റും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും തനിക്ക് സിനിമയിലേക്കുള്ള യാത്ര ബുദ്ധിമുട്ടുള്ളതായിരുന്നെന്നും സുബീഷ് പറഞ്ഞു. ഒരുപാട് കനൽ വഴികൾ പിന്നിട്ടാണ് താനിവിടെ എത്തിയതെന്നു ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സുബീഷ് പറഞ്ഞു.

‘ഇന്നത്തെ പുതിയ നടന്മാരോടൊക്കെ വലിയ ബഹുമാനവും അസൂയയും ഒക്കെ തോന്നാറുണ്ട്. അവർക്കൊക്കെ കുടുംബത്തിൽ നിന്നും മറ്റും വലിയ പിന്തുണയാണ് ലഭിക്കുന്നത്. സിനിമയിലേക്കുള്ള എന്റെ യാത്ര വലിയ ബുദ്ധിമുട്ടുള്ളതായിരുന്നു. ഒരു നാട്ടിൻപുറത്തു നിന്നും ഒട്ടും പരിചയമില്ലാത്ത ഒരു മേഖലയിലേക്ക് ഇറങ്ങി പുറപ്പെടുമ്പോൾ അനുഭവിച്ച സംഘർഷങ്ങൾ ഒരുപാട് ആണ്. ഒരുപാട് കനൽ വഴികൾ പിന്നിട്ടാണ് ഇവിടെ എത്തിയത്,’ സുബീഷ് സുധി പറഞ്ഞു.

2006ൽ ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സിൽ ഒരു ചെറിയ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് സുബീഷ് സുധി. അതിനുശേഷം നിരവധി സിനിമകളിൽ ക്യാരക്ടർ റോളുകളിലൂടെ മലയാളികൾക്ക് താരം സുപരിചതനായി.

ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാം റാവുത്തർ എഴുതി ടി.വി രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സർക്കാർ ഉൽപ്പന്നം’ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുബീഷാണ്. താരം മുഖ്യകഥാപാത്രമായി എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.

സുബീഷ് സുധി, ഷെല്ലി എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ടി.വി കൃഷ്ണൻ തുരുത്തി, രജ്ഞിത്ത് ജ​ഗന്നാഥൻ, കെ.സി രഘുനാഥൻ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സംവിധായകനും തിരക്കഥാകൃത്തുമായ ലാൽ ജോസും അഭിനയിക്കുന്നുണ്ട്.

സുബീഷ് സുധിക്കും ലാൽ ജോസിനും പുറമെ ഷെല്ലി, അജു വർ​ഗീസ്, ജാഫർ ഇടുക്കി, ജോയ് മാത്യു, വിനീത് വാസുദേവൻ, ​ഗൗരി ജി കിഷൻ, വിജയ് ബാബു, ദർശന എസ് നായർ, ഹരീഷ് കണാരൻ, ​ഗോകുലൻ, റിയാ സൈറ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം മാർച്ച് ഒന്നിന് തിയേറ്ററുകളിൽ എത്തും.

Content Highlight: Subish sudhi about today’s generation