| Wednesday, 22nd February 2023, 12:10 pm

നമുക്കിത് ഒഴിവാക്കാമായിരുന്നു, ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കഠിനമായി: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് സുരേഷ് ഗോപി. ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കഠിനമായെന്നും അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങള്‍ വളര്‍ന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു.

നിയമത്തില്‍ കുറച്ചുകൂടി കരുണ വരണമെങ്കില്‍ മനുഷ്യന്റെ ജീവിത രീതിയില്‍ മാറ്റം വരുത്തണമെന്നും ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാന്‍ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബിയെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സുരേഷ് ഗോപി പറഞ്ഞു.

‘സുബി സുരേഷിന് ആദരാഞ്ജലികള്‍!
ഈ വേര്‍പാട് വേദനയാകാതിരിക്കാനും ഈ വേര്‍പാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പോള്‍ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികള്‍ക്കും നന്ദി അറിയിക്കുകയാണ്. അവര്‍ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം.

നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകള്‍ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിര്‍ത്തിയെടുത്ത്, ദീര്‍ഘകാലം അവര്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കഠിനമായി. ഇല്ലെങ്കില്‍ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങള്‍ വളര്‍ന്നതാണ്.

ഇതിനൊക്കെ നമുക്ക് നിയമത്തില്‍ കുറച്ചുകൂടി കരുണ വരണമെങ്കില്‍ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാന്‍ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓര്‍മകളില്‍ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ,’ സുരേഷ് ഗോപി കുറിച്ചു.

കരള്‍ സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച രാവിലെയോടെയായിരുന്നു സുബിയുടെ അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു.

മഞ്ഞപിത്തം വന്നതിനെ തുടര്‍ന്ന് രോഗം കരളിനെ ബാധിക്കുകയും കരള്‍ മാറ്റിവെക്കേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്തിരുന്നു. കരള്‍ മാറ്റിവെക്കുന്നതിനും സങ്കീര്‍ണതകള്‍ വന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നീട്ടിവെക്കുകയായിരുന്നു. ഇതിനിടക്കാണ് മരണം സംഭവിച്ചത്. കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പക്കാര്‍ പറയുന്നത്.

Content Highlight: subi suresh about suresh gopi

We use cookies to give you the best possible experience. Learn more