ഇന്ത്യന്‍ ക്രിക്കറ്റില്‍ എല്ലാ കാലത്തും ഓരോ സൂപ്പര്‍താര പരിവേഷമുള്ള കളിക്കാരുണ്ടാകും. സുനില്‍ ഗവാസ്‌കറും കപില്‍ ദേവുമൊക്കെ ആദ്യ കാലത്തെ സൂപ്പര്‍താരങ്ങളായിരുന്നു. എന്നാല്‍ അവര്‍ക്ക് ശേഷം വന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു. സച്ചിന്‍ എക്കാലത്തേയും സൂപ്പര്‍താരമായപ്പോള്‍ കൂടെ ഗാംഗുലിയും ദ്രാവിഡും സേവാഗുമൊക്കെ ഉണ്ടായിരുന്നു.
മോഡേണ്‍ ഡേ ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ഏറ്റവും വലിയ സൂപ്പര്‍താരം. അദ്ദേഹം കൈവെക്കാത്ത ബാറ്റിങ് റെക്കോഡുകള്‍ ക്രിക്കറ്റില്‍ കുറവാണ്. ഈ ഫോമൗട്ടായ കാലഘടത്തിലും ഇന്ത്യയുടെ ഏറ്റവും വലിയ ബ്രാന്‍ഡും അദ്ദേഹമാണ്.
എന്നാല്‍ സൂപ്പര്‍താരങ്ങള്‍ക്ക് മാറ്റമുണ്ടാകും. എല്ലാ കാലത്തും ഓരോ സൂപ്പര്‍താരങ്ങളുണ്ടായാല്‍ മാത്രമേ ഈ കളി കാലഹരണപെട്ട് പോകാതെ ഇരിക്കുകയുള്ളു. അങ്ങനെ നോക്കിയാല്‍ ഇന്ത്യന്‍ നിരയില്‍ അടുത്ത തലമുറയ്ക്കുള്ള സൂപ്പര്‍താരങ്ങളുണ്ട്.
റിഷബ് പന്ത്, കെ.എല്‍. രാഹുല്‍ എന്നിവര്‍ അടുത്ത സൂപ്പര്‍പദവിക്ക് വേണ്ടി മത്സരിക്കുന്നവരാണ്. എന്നാല്‍ കളിക്കാന്‍ തുടങ്ങിയ കാലഘട്ടം തൊട്ട് വളരെ ഹൈപ്പില്‍ നില്‍ക്കുന്ന പ്ലെയറാണ് ഓപ്പണിങ് ബാറ്റര്‍ ശുഭ്മാന്‍ ഗില്‍. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയും സാങ്കേതികതികവും അനലിസ്റ്റുകളുടെ ഇടയില്‍ എന്നും ചര്‍ച്ചയായ കാര്യമാണ്.
അടുത്ത വിരാടെന്നും സച്ചിനെന്നും അദ്ദേഹത്തെ വാഴ്ത്തിയിരുന്നു. ഇപ്പോഴിതാ വിരാടിന്റെ റെക്കോഡിനൊപ്പം ചേര്‍ന്നുകൊണ്ട് തന്റെ കരിയറിലെ ആദ്യ ഏകദിന അര്‍ധസെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഗില്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ മത്സരത്തിലാണ് താരം അര്‍ധസെഞ്ച്വറി സ്വന്തമാക്കിയത്. 53 പന്ത് നേരിട്ട് 63 റണ്‍സാണ് താരം സ്വന്തമാക്കിയത്. റണ്ണൗട്ടായാണ് അദ്ദേഹം ക്രീസ് വിട്ടത്.
ഇതോടെ കരീബിയന്‍ മണ്ണില്‍ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി ഗില്‍ മാറി. വിരാടിനൊപ്പമാണ് താരം ഈ റെക്കോഡ് പങ്കിട്ടത്. രണ്ട് പേരും 22ാം വയസിലാണ് ആ റെക്കോഡ് നേടിയത്.
ഗില്ലിന്റെ ഇന്നിങ്‌സില്‍ ആറ് ഫോറും രണ്ട് സിക്‌സുമുണ്ടായിരുന്നു.
അതേസമയം വിന്‍ഡീസിനെതിരെ മൂന്ന് റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ഗില്ലിനൊപ്പം നായകന്‍ ശിഖര്‍ ധവാന്‍ 97 റണ്‍സും ശ്രേയസ് അയ്യര്‍ 54ഉം റണ്‍സും സ്വന്തമാക്കി. 308 റണ്‍സായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 50 ഓവറില്‍ 305 റണ്‍സേ നേടാനായുള്ളു.
Content Highlights: Subhman Gill shares record with Virat Kohli in India vs West Indies