ഇടതു ഐക്യത്തിനുവേണ്ടി ശരീരംകൊണ്ട് സഹിക്കാന്‍ ഇനി ഞങ്ങളെക്കിട്ടില്ല: എസ്.എഫ്.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി
Kerala
ഇടതു ഐക്യത്തിനുവേണ്ടി ശരീരംകൊണ്ട് സഹിക്കാന്‍ ഇനി ഞങ്ങളെക്കിട്ടില്ല: എസ്.എഫ്.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th July 2019, 11:53 am

 

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ എസ്.എഫ്.ഐയില്‍ നിന്നും നേരിട്ട അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ് ഇടതു വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ്. എസ്.എഫ്.ഐയില്‍ നിന്നാണ് താനുള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളതെന്നാണ് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ പറഞ്ഞത്. മലയാള മനോരമ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒറ്റ കെ.എസ്.യുക്കാരനും ഞങ്ങളെ മര്‍ദ്ദിച്ചിട്ടില്ല. ഒരു എ.ബി.വി.പിക്കാരനും അതു ചെയ്തിട്ടില്ല. അവരുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നു കരുതി ഇല്ലാത്തത് പറയരുതല്ലോ.’ എന്നാണ് ശുഭേഷ് പറഞ്ഞത്.

ഇടതിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നത് കനയ്യകുമാറിന്റെ സംഘടനയായ ഞങ്ങളാണ് എന്ന ഈഗോയാകാം എ.ഐ.എസ്.എഫിനോട് എസ്.എഫ്.ഐയ്ക്കുള്ള വിരോധത്തിനു കാരണമെന്നും ശുഭേഷ് പറയുന്നു.

‘ഞങ്ങള്‍ ദുര്‍ബലരാണെന്നാണ് സ്ഥിരം കളിയാക്കുന്നത്, ദുര്‍ബലരെങ്കില്‍ വെറുതെ വിട്ടാല്‍ മതിയല്ലോ. ഇടതിന്റെ യഥാര്‍ത്ഥ രാഷ്ട്രീം ഉയര്‍ത്തിപ്പിടിക്കുന്നത് കനയ്യകുമാറിന്റെ സംഘടനയായ ഞങ്ങളാണ് എന്ന ഈഗോയാകാം; ഇടതുപക്ഷത്തിന്റെ കുത്തകാവകാശം അവര്‍ക്കാണെന്നു തെളിയിക്കാനാം. എന്തായാലും, ഇടത് ഐക്യത്തിനുവേണ്ടി ശരീരംകൊണ്ട് സഹിക്കാന്‍ ഇനി ഞങ്ങളെക്കിട്ടില്ല.’ ശുഭേഷ് പറയുന്നു.

ഇന്ന് കോളജുകളും സര്‍വ്വകലാശാലകളും വാഴുന്നത് എസ്.എഫ്.ഐയല്ലേ, അതിനാല്‍ ഇടതുപക്ഷത്തിന്റെ കുത്തകാവകാശം അവര്‍ക്കാണെന്ന അവകാശവാദം ശരിയല്ലേയെന്ന ചോദ്യത്തിന്, ‘എങ്കില്‍, സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും തെരഞ്ഞെടുപ്പുകളെല്ലാം ജയിക്കുന്ന നരേന്ദ്രമോദിയാണു ശരിയെന്നുകൂടി, ഇടതുപക്ഷക്കാരെന്ന് അഭിനയിക്കുന്ന ആ ഫാഷിസ്റ്റുകള്‍ സമ്മതിക്കണം’ എന്നാണ് ശുഭേഷ് മറുപടി നല്‍കുന്നത്.