| Saturday, 25th July 2020, 12:19 pm

9 കോടി രൂപയാണ് തുഷാര്‍ കൊണ്ടുപോയത്, മഹേശന്റെ മരണത്തില്‍ നിര്‍ണായക തെളിവ് കൈമാറുമെന്ന് സുഭാഷ് വാസു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കെമാറുമെന്ന് ബി.ഡി.ജെ.എസ് മുന്‍ നേതാവ് സുഭാഷ് വാസു.

സാമ്പത്തിക ക്രമക്കേട് കാണിച്ചത് തുഷാര്‍ വെളളാപ്പള്ളിയാണെന്നും മഹേശന്‍ എടുത്തതായി പറയുന്ന ഒന്‍പത് കോടിയും തുഷാര്‍ വെള്ളാപ്പള്ളിയാണ് വാങ്ങിയതെന്നും സുഭാഷ് വാസു പറഞ്ഞു. യൂണിയനില്‍ നിന്നുള്ള പണം ഉപയോഗിച്ച് തുഷാര്‍ ഉടുമ്പന്‍ചോലയില്‍ തോട്ടം വാങ്ങിയെന്നും സുഭാഷ് വാസു പറഞ്ഞു.

തുഷാറിന് ഹവാല ഇടപാടുകള്‍ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും സുഭാഷ് വാസു പറഞ്ഞു.

മരണത്തിന് മുന്‍പ് മഹേശന്‍ തന്നോട് ചിലത് വെളിപ്പെടുത്തിടിട്ടുണ്ട്. പണം തുഷാര്‍ വാങ്ങിക്കൊണ്ടുപോയതായി മഹേശന്‍ തന്നോട് പറഞ്ഞിരുന്നു.

ഒന്‍പത് കോടി രൂപയാണ് തുഷാര്‍ അപഹരിച്ചത്. നോട്ടു നിരോധന കാലത്ത് പാലാരിവട്ടത്തെ ജ്വല്ലറിയില്‍ നിന്ന് നിരോധിത പണം കൊടുത്ത് സ്വര്‍ണം വാങ്ങി. തുഷാറിന്റേയും സഹോദരിയുടേയും കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ വിദേശത്തെ അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും സുഭാഷ് വാസു പറഞ്ഞു.

മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളിയെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. വെള്ളാപ്പള്ളിയുടെ സഹായി കെ.എല്‍ അശോകനേയും ചോദ്യം ചെയ്തിരുന്നു.

വെള്ളാപ്പള്ളിയുടേയും അശോകന്റേയും പേര് പരാമര്‍ശിക്കുന്ന ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരേയും ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് പൊലീസ് കടന്നത്.

മഹേശന്റെ ആത്മഹത്യാക്കുറിപ്പിലെ മാനസിക പീഡനമടക്കമുള്ള വിഷയങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

നിലവില്‍ അസ്വഭാവിക മരണത്തിനാണ് മാരാരിക്കുളം പൊലീസ് കേസ് കേസെടുത്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് മഹേശന്റെ കുടുംബത്തിന്റെ ആവശ്യം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more