ഐ.എസില്‍ ചേര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത കേസ്; സുബ്ഹാനി ഹാജ കുറ്റക്കാരനെന്ന് എന്‍.ഐ.എ കോടതി
Kerala News
ഐ.എസില്‍ ചേര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത കേസ്; സുബ്ഹാനി ഹാജ കുറ്റക്കാരനെന്ന് എന്‍.ഐ.എ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th September 2020, 11:40 am

കൊച്ചി: ഐ.എസില്‍ ചേര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന്‍ കുറ്റക്കാരനെന്ന് എന്‍.ഐ.എ കോടതി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് വിധി പറഞ്ഞത്.

ഐ.എസിനായി യുദ്ധത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏക വ്യക്തിയാണ് സുബ്ഹാനി ഹാജ.

തൊടുപുഴ സ്വദേശിയാണ് സുബ്ഹാനി ഹാജയെങ്കിലും വര്‍ഷങ്ങളായി തമിഴ്‌നാട് തിരുനെല്‍വേലിയിലാണ് താമസം. കനകമല തീവ്രവാദ കേസിലും സുബഹാനി ഹാജ മൊയ്തീന്‍ പ്രതിയാണെങ്കിലും ഇയാളുടെ കേസില്‍ പ്രത്യേക വിചാരണ നടത്തുകയായിരുന്നു.

2015 ല്‍ തുര്‍ക്കി വഴി ഇറാഖിലേക്ക് പോയ സുബ്ഹാനി ഐ.എസില്‍ ചേര്‍ന്നെന്ന് എന്‍.ഐ.എ പറയുന്നത്. അവിടെ വെച്ച് പരിശീലനം ലഭിച്ചു.

കേസില്‍ വിചാരണ നേരിട്ട ഏക പ്രതി തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജ മൊയ്തീനാണ്. ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യന്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന രീതിയില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്.

ഇറാഖിലെ മൊസൂളിനടുത്തുള്ള യുദ്ധഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നു യുദ്ധം ചെയ്‌തെന്നും എന്‍.ഐ.എ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 125, 120 ബി, 122, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ 20, 38, 39 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതിയെ അറസ്റ്റ് ചെയ്തത് 2016 ല്‍ കനകമലയില്‍ ഐ.എസ് ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണത്തിനിടെയായിരുന്നു. 2019 ജനുവരിയിലാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന്‍ അടക്കം 46 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Subhani Haja Moideen IS Case NIA