2006ൽ ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സിൽ ഒരു ചെറിയ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് സുബീഷ് സുധി. അതിനുശേഷം നിരവധി സിനിമകളിൽ ക്യാരക്ടർ റോളുകളിലൂടെ മലയാളികൾക്ക് താരം സുപരിചതനായി. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാം റാവുത്തർ എഴുതി ടി.വി രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സർക്കാർ ഉൽപ്പന്നം’ എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുബീഷാണ്. താരം മുഖ്യകഥാപാത്രമായി എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.
ചിത്രത്തിൽ സംവിധായകനും തിരക്കഥാകൃത്തുമായ ലാൽ ജോസും അഭിനയിക്കുന്നുണ്ട്. ലാൽ ജോസുമായുള്ള അനുഭവങ്ങൾ ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് സുബീഷ് സുധി. ലാൽ ജോസിന്റെ സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ താരമെന്ന നിലയിൽ തന്റെ ഗുരുവിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിനമാനമുണ്ടെന്ന് സുബീഷ് സുധി. ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ ലാൽ ജോസ് തന്നോട് പറഞ്ഞ വാക്കുകളും താരം അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.
17 വർഷം മുൻപാണ് ലാൽ ജോസിന്റെ പടത്തിൽ അഭിനയിക്കുന്നതെന്നും അദ്ദേഹം തന്നെ സഹോദരനെ പോലെയാണ് കാണുന്നതെന്നും സുബീഷ് പറയുന്നുണ്ട്.
‘എന്റെ ഗുരുവിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്. 17 വർഷം മുമ്പാണ് അദ്ദേഹത്തിന്റെ ക്ലാസ്മേറ്റ്സിൽ അഭിനയിക്കുന്നത്. ഒരു സഹോദരനെ പോലെയാണ് എന്നെ കാണുന്നത്. അദ്ദേഹം മലയാളത്തിലെ മികച്ച പ്രതിഭയുള്ള നടനാണെന്ന് തെളിയിക്കുന്ന ചിത്രം കൂടിയാണ് ഇത്.
ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ അദ്ദേഹം പറഞ്ഞത് ‘ഞാൻ കുറെ വിത്ത് എറിഞ്ഞിട്ടുണ്ട്. അതിൽ പലതും പാറപ്പുറത്ത് വീണുപോയി. ഒന്നുമാത്രം മണ്ണിലാണ് വീണത്. അത് നീയാണ്’ അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നും വന്ന ആ വാക്കുകൾ വലിയ അംഗീകാരം ആയിട്ടാണ് കാണുന്നത്,’ സുബീഷ് സുധി പറഞ്ഞു.
സുബീഷ് സുധിക്കും ലാൽ ജോസിനും പുറമെ ഷെല്ലി, അജു വർഗീസ്, ജാഫർ ഇടുക്കി, ജോയ് മാത്യു, വിനീത് വാസുദേവൻ, ഗൗരി ജി കിഷൻ, വിജയ് ബാബു, ദർശന എസ് നായർ, ഹരീഷ് കണാരൻ, ഗോകുലൻ, റിയാ സൈറ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം മാർച്ച് ഒന്നിന് തിയേറ്ററുകളിൽ എത്തും.
Content Highlight: Subeesh sudhi about lal jose