സിനിമാ മേഖലയിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ നിലനിന്നിരുന്ന വിവേചനത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ സുബീഷ് സുധി. താൻ മുല്ല സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ ജോജു ജോർജും അതിൽ ഉണ്ടായിരുന്നെന്നും അതിൽ തനിക്ക് അത്യാവശ്യം നല്ല വേഷമായിരുന്നെന്നും സുബീഷ് പറഞ്ഞു.
സെറ്റിൽ തനിക്ക് കുപ്പി ഗ്ലാസിൽ ആയിരുന്നു ചായ തന്നിരുന്നതെന്നും എന്നാൽ ജോജുവിന് കപ്പ് ഗ്ലാസ് ആയിരുന്നെന്നും സുബീഷ് പറയുന്നുണ്ട്. ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ താൻ രക്ഷപ്പെട്ടെന്ന് ജോജു പറഞ്ഞെന്നും സുബീഷ് കൂട്ടിച്ചേർത്തു. അന്ന് സിനിമയിൽ അത്തരത്തിലുള്ള വിവേചനകൾ ഉണ്ടായിരുന്നെന്നും അങ്ങനെ ചെയ്യാൻ പാടില്ല എന്ന് കരുതുന്ന ഒരാളാണ് താനെന്നും സുബീഷ് പറയുന്നുണ്ട്. പണ്ട് കാലത്ത് കുപ്പി ഗ്ലാസിൽ ചായ കിട്ടിയാൽ അയാൾ നടനായി എന്നാണ് അര്ഥമെന്ന് സുബീഷ് കൗമുദി മൂവിസിനോട് പറഞ്ഞു.
‘ഞാൻ മുല്ലയിൽ അഭിനയിക്കാൻ പോയപ്പോൾ ജോജുച്ചേട്ടൻ അതിൽ അഭിനയിക്കുന്നുണ്ട്. എനിക്ക് അത്യാവശ്യം നല്ല വേഷമാണ്. 2007 ലാണ് ഷൂട്ട് ചെയ്യുന്നത്. കഥ പറയുമ്പോൾ സിനിമയൊക്കെ കഴിഞ്ഞതിനുശേഷം ആണ് ഞാൻ ഇത് ചെയ്യുന്നത്. എനിക്ക് കുപ്പി ഗ്ലാസിലാണ് ചായ തരുന്നത്. ചേട്ടൻ ഒരു കപ്പ് ഗ്ലാസിൽ ചായ കുടിച്ചു കൊണ്ടിരിക്കുകയാണ്. അന്ന് സിനിമയിൽ അങ്ങനെയൊക്കെ ഉണ്ട്. എന്നോട് ജോജുച്ചേട്ടൻ പറയുകയാണ് നീയൊക്കെ രക്ഷപ്പെട്ടല്ലോ എന്ന്.
ഇത് ശരിക്കും നടന്ന സംഭവമാണ്. ആ കാലത്ത് സിനിമയിൽ അങ്ങനെയൊക്കെ ഉണ്ട്. കുറ്റം പറയുന്നതൊന്നുമല്ല, അത് അങ്ങനെയാണ്. അങ്ങനെ ചെയ്യാൻ പാടില്ല എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. എന്റെയൊക്കെ കാലത്ത് കുപ്പി ഗ്ലാസിൽ ചായ കിട്ടുക ഹോട്ട് കെയറിൽ ഭക്ഷണം കിട്ടുക എന്ന് പറഞ്ഞാൽ രക്ഷപ്പെട്ടു. എന്റെയൊക്കെ കാലത്ത് സിനിമയിൽ വന്നാൽ അപ്പോൾ നമ്മൾ നടനായി,’ സുബീഷ് സുധി പറഞ്ഞു.
Content Highlight: Subeesh sudhi about hierarchy in cinema