| Sunday, 2nd March 2014, 12:35 pm

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂദല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറിന് 53 രൂപ 50 പൈസയാണ് കുറച്ചത്.

രാജ്യാന്തര വിപണിയിലെ വില കണക്കിലെടുത്താണ് എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്നതെന്നാണ് വിവരം.

പുതുക്കിയ വില എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല.

പാചകവാതകത്തിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം ഉത്തരവിറക്കിയതിനു പിറകെയാണ് സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില കുറച്ച വാര്‍ത്തയും വന്നിരിയ്ക്കുന്നത്.

ഈ വര്‍ഷം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില 230 രൂപയോളം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ 107 രൂപയോളം കുറച്ചിരുന്നു.

പാചകവാതക സിലിണ്ടറിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ടും പ്രതിഷേധം വ്യാപകമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആധാര്‍ നിര്‍ബന്ധമെന്ന നിലപാടില്‍ കേന്ദ്രം അയവു വരുത്തിയത്.

അതേസമയം തിരഞ്ഞെടുപ്പ് അടുക്കവേ നയങ്ങളില്‍ വ്യാപകമായി അഴിച്ചുപണി നടത്തിക്കൊണ്ട് വോട്ടു ബാങ്ക് ശക്തിപ്പെടുത്താനാണ് ഭരണ പക്ഷത്തിന്റെ നീക്കമെന്നും അതിന്റെ ഭാഗമായാണ് എണ്ണക്കമ്പനികളെ മുന്‍നിര്‍ത്തിയുള്ള പാചകവാതക വിലക്കയറ്റവും ഇറക്കവുമെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more