അന്ന് ആടിനെ വിറ്റ പണം, ഇന്ന് ചായക്കടയിലെ വരുമാനം; ദുരിതാശ്വാസ നിധിയിലേക്ക് വീണ്ടും സുബൈദുമ്മയുടെ സഹായം
Kerala
അന്ന് ആടിനെ വിറ്റ പണം, ഇന്ന് ചായക്കടയിലെ വരുമാനം; ദുരിതാശ്വാസ നിധിയിലേക്ക് വീണ്ടും സുബൈദുമ്മയുടെ സഹായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st August 2024, 10:07 am

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി മുന്നോട്ടുവന്നിരിക്കുകയാണ് സുബൈദുമ്മ. തന്റെ ചായക്കടയില്‍ നിന്നും ലഭിച്ച വരുമാനമാണ് സുബൈദ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

10,000 രൂപയാണ് സുബൈദ സഹായമായി നല്‍കിയത്. കലക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ക്ക് നേരിട്ട് തുക കൈമാറുകയായിരുന്നു സുബൈദുമ്മ. ചവറ എം.എല്‍.എ സുജിത്ത് വിജയന്‍ പിള്ള തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

2018 പ്രളയസമയത്തും ഇത്തരത്തില്‍ സുബൈദുമ്മ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ ചെയ്തിട്ടുണ്ട്. അന്ന് തന്റെ ആടുകളെ വിറ്റായിരുന്നു സുബൈദ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറിയത്.

സുജിത്ത് വിജയൻ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘അന്ന് ആടുകളെ വിറ്റ പണം, ഇന്ന് ചായക്കടയിലെ വരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ചായക്കടയില്‍ നിന്ന് കിട്ടിയ വരുമാനം കൈമാറി പള്ളിത്തോട്ടം സ്വദേശിനി സുബൈദ ഉമ്മ. വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി 10,000 രൂപയാണ് സുബൈദ ഉമ്മ കൈമാറിയത്. കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ക്ക് നേരിട്ട് തുക കൈമാറുകയായിരുന്നു. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉമ്മ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വെള്ളപ്പൊക്കസമയത്ത് ആടുകളെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു’.

അതേസമയം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സൈന്യത്തിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഇതിനോടകം തന്നെ മരണം 280 കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും 200ലധികം ആളുകളെ കണ്ടെത്താന്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു നാടിനെ നടുക്കിക്കൊണ്ട് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 2019ലെ പുത്തുമല ദുരന്തത്തിന് ശേഷം വയനാടിനെ തകര്‍ത്തതും കേരളത്തില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയതുമായ ഉരുള്‍പൊട്ടലായിരുന്നു ഇത്.

 

Content Highlight: Subaidumma Give The Income From The Tea Shop Is Given To The Wayanad Landslide