ബംഗളൂരു: വി.ഐ.പികളുടെ സമയത്തിന് സാധാരണക്കാരന്റെ ജീവനേക്കാള്‍ പ്രാധാന്യം നല്‍കുന്ന നിരവധി സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ആശുപത്രിയിലേക്കുള്ള യാത്രികരെ പോലും ട്രാഫിക്കില്‍ തടഞ്ഞിടുന്ന സംഭവം നിരവധി തവണയുണ്ടായിട്ടുണ്ട്.
എന്നാല്‍ ബംഗളൂരുവില്‍ നിന്നും രാജ്യത്തിന് മാതൃകയായൊരു വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസം മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനത്തിനായി ബംഗളൂരുവില്‍ എത്തിയ രാഷ്ട്രപതിയുടെ വാഹനവ്യൂഹം തടഞ്ഞുനിര്‍ത്തിയ പൊലീസുകാരന്റെ നടപടിയാണ് നവമാധ്യമങ്ങളിലടക്കം ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
ട്വിറ്ററിലൂടെയും ഫോണിലൂടെയും മേലുദ്യോഗസ്ഥര്‍ നിജലിംഗപ്പയെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇത്തരം ഉദ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും പാരിതോഷികം നല്‍കേണ്ടതാണെന്നുമാണ് സിറ്റി കമ്മീഷണര്‍ പ്രവീണ്‍ സൂദ് ട്വീറ്റ് ചെയ്തത്.
നിജലിംഗപ്പയുടെ നേതൃത്വത്തിലായിരുന്നു ബംഗളൂരു ട്രിനിറ്റി സര്‍ക്കിളില്‍ രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കിയിരുന്നത്. വാഹനങ്ങളെയെല്ലാം റോഡില്‍ നിന്ന് ഒഴിവാക്കി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. രാഷ്ട്രപതി എത്തുമ്പോഴായിരുന്നു എച്ച്.എ.എല്‍ ആശുപത്രിയിലേക്ക് രോഗിയുമായുള്ള ആംബുലന്‍സ് ഇവിടെ എത്തിയത്.
ആംബുലന്‍സ് പരിശോധിച്ച നിജലിംഗപ്പ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു വാഹന വ്യൂഹം തടഞ്ഞ ശേഷം ആംബുലന്‍സ് കടത്തിവിടുകയും ചെയ്തു.