തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കോളജുകള്‍ അനുവദിച്ചതിലും എയ്ഡഡ് പദവി നല്‍കിയതിലും വന്‍ക്രമക്കേടെന്ന് എ.കെ.ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. കോളജുകള്‍ക്ക് അനുവാദം നല്‍കിയതും സ്വകാര്യകോളജുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതിലും വന്‍ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. മുന്‍ സര്‍ക്കാരിന്റെ അവസാനകാലത്ത് പുറപ്പെടുവിച്ച 19 ഉത്തരവുകളാണ് മന്ത്രിസഭാ ഉപസമിതി ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ പരിശോധിച്ചത്.
അറബിക് സ്‌കൂളുകളെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളാക്കി ഉയര്‍ത്തിയത് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയല്ല. ഇവയിലേക്ക് ധരാളം തസ്തികകള്‍ സൃഷ്ടിച്ചു. വലിയ തോതിലുള്ള അഴിമതിക്ക് ഇത് വഴിവച്ചതായും സമിതി വിലയിരുത്തി. ഫെബ്രുവരി 10-ാം തീയതി 12 എയ്ഡഡ് കോളജുകളും അതിന് തൊട്ടു മുന്‍പ് മൂന്ന് എയ്ഡഡ് കോളജുകളും അനുവദിച്ചത് നിയമവിരുദ്ധമായാണ്.
പി.ആര്‍.ഡി.എസിന്റെ എയ്ഡഡ് കോളജിന് ഒരു കോടി രൂപ അനുവദിച്ചത് എന്തിനാണെന്ന് വിശദീകരിക്കാന്‍ വകുപ്പിന് കഴിഞ്ഞില്ല. സെന്റ് മൈക്കിള്‍സ് കോളജിലെ അധ്യാപകന് പ്രായപരിധിയില്‍ ഇളവ് നല്‍കിയതിലും ക്രമക്കേടുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ബഡ്‌സ് സ്‌കൂളുകള്‍ അനുവദിച്ചതിലും പിഴവുകളുണ്ട്. ഡോ. എം.കെ ജയരാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നല്‍കിയ ഉത്തരവനുസരിച്ച് അദ്ദേഹത്തിന്റെ ഭാര്യയുടെ സ്‌കൂളിനുള്‍പ്പെടെ എയ്ഡഡ് പദവി നല്‍കി. ആരോഗ്യവകുപ്പ് തിരുവനന്തപുരം ജില്ലക്കായി പുറപ്പെടുവിച്ച ഉത്തരവുകളിലും പിഴവുണ്ടെന്നും സമിതി കണ്ടെത്തി. ഇവയെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ നിയമ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.