| Monday, 16th January 2023, 8:43 pm

സീല്‍ഡ് കവര്‍ നശിച്ചിട്ടില്ല, വോട്ടുകള്‍ സുരക്ഷിതം; പെരിന്തല്‍മണ്ണയില്‍ വിശദമായ അന്വേഷണം വേണമെന്ന് സബ് കലക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ കാണാതായ സര്‍വീസ് ബാലറ്റ് പെട്ടി ജില്ലാ സഹകരണ ജോ. രജിസ്ട്രാറുടെ ഓഫീസില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്.

ബാലറ്റ് വോട്ട് പെട്ടി സഹകരണ രജിസ്ട്രാര്‍ ഓഫീസിലെത്തിയത് എങ്ങനെയാണെന്ന് വ്യക്തതയില്ലെന്നും പെട്ടിയുടെ സീല്‍ഡ് കവര്‍ നശിച്ചിട്ടില്ലെന്നും സബ് കലക്ടര്‍ പറഞ്ഞു.

‘ബാലറ്റുകള്‍ക്ക് തകരാറൊന്നും പറ്റിയിട്ടില്ല. ബാലറ്റ് എങ്ങനെ കാണാതായതെന്ന് അന്വേഷിക്കും. പോസ്റ്റല്‍ വോട്ടുകള്‍ സുരക്ഷിതമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം,’ ശ്രീധന്യ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

തര്‍ക്കത്തെ തുടര്‍ന്ന് എണ്ണാതെ വെച്ച 348 സ്പെഷ്യല്‍ തപാല്‍ വോട്ടിന്റെ പെട്ടികളിലൊന്നാണ് കാണാതായത്. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ ആയിരുന്നു മൂന്ന് പെട്ടികള്‍ സൂക്ഷിച്ചിരുന്നത്. ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഉത്തരവിനെ തുടര്‍ന്ന് ഇന്ന് രാവിലെ പെട്ടി കൊണ്ടുപോകാന്‍ ട്രഷറിയിലെത്തി സ്ട്രോങ് റൂം തുറന്നപ്പോള്‍ ഒരു പെട്ടി കാണാനില്ലായിരുന്നു.

രണ്ട് പെട്ടികള്‍ മാത്രമാണ് ട്രഷറിയില്‍ ഉണ്ടായിരുന്നത്. പിന്നീട് നടത്തിയ തിരച്ചിലില്‍ കാണാതായ വോട്ടുപെട്ടി മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ.പി. മുസ്തഫയുടെ ഹരജി പ്രകാരം ബാലറ്റ് ഹൈക്കോടതിയിലേക്ക് മാറ്റുന്നത്. നാളെ ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഈ സംഭവങ്ങളുണ്ടാകുന്നത്.

38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ വിജയിച്ചത്. സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി അസാധുവാക്കിയ ബാലറ്റ് വോട്ടുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് മുസ്തഫ കോടതിയെ സമീപിച്ചത്. പെരിന്തല്‍മണ്ണ മണ്ഡലത്തിന്റെ ജയപരാജയം തിരുമാനിക്കുന്നതില്‍ നിര്‍ണായകമാകും വിധി. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മലപ്പുറം കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Content Highlight: sub-collector Sreedhanya Suresh said that a detailed investigation will be conducted in the incident found in the registrar’s office Missing Service Ballot Box in Perinthalmanna Assembly Election

We use cookies to give you the best possible experience. Learn more