കേരളത്തിലേക്ക് പോയാല്‍ തിരിച്ചുവരരുതെന്ന് നാട്ടുകാര്‍ പറയുന്നു, ആരോഗ്യസുരക്ഷയില്‍ യൂണിവേഴ്‌സിറ്റിയ്ക്ക് ഉറപ്പുനല്‍കാനാവുമോ; ആശങ്കയില്‍ ബി.എഡ് വിദ്യാര്‍ത്ഥികള്‍
Details Story
കേരളത്തിലേക്ക് പോയാല്‍ തിരിച്ചുവരരുതെന്ന് നാട്ടുകാര്‍ പറയുന്നു, ആരോഗ്യസുരക്ഷയില്‍ യൂണിവേഴ്‌സിറ്റിയ്ക്ക് ഉറപ്പുനല്‍കാനാവുമോ; ആശങ്കയില്‍ ബി.എഡ് വിദ്യാര്‍ത്ഥികള്‍
ആര്യ. പി
Saturday, 20th June 2020, 3:07 pm

തിരുവനന്തപുരം:’ എന്തുവന്നാലും ഈ മാസം 29ാം തിയതി പരീക്ഷ നടത്തുമെന്നാണ് കേരള യൂണിവേഴ്‌സിറ്റി പറയുന്നത്. ലക്ഷദ്വീപില്‍ നിന്ന് ഈ അവസ്ഥയില്‍ എങ്ങനെയാണ് ഞാന്‍ കേരളത്തിലേക്ക് വരിക. കൊവിഡ് ആയതുകൊണ്ട് ഇവിടെ നിന്നും കപ്പലുകള്‍ അവിടേക്ക് വരുന്നില്ല. മറ്റ് യാത്രാ സൗകര്യവും ഇല്ല. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല കേരളത്തിലേക്ക് പോകുകയാണെങ്കില്‍ തിരിച്ച് ഇവിടേക്ക് വരരുതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല’ , തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യുക്കേഷനിലെ വിദ്യാര്‍ത്ഥിയും ലക്ഷദ്വീപ് സ്വദേശിയുമായ മുഹമ്മദ് ഇസഹാക്കിന്റെ വാക്കുകളാണ് ഇത്.

ഈ മാസം 29 ാം തിയതി കേരള യൂണിവേഴ്‌സിറ്റി ബി.എഡ് വിദ്യാര്‍ത്ഥികളുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷ നടത്താന്‍ ഒരുങ്ങുകയാണ്. 29ാം തിയതിയ്ക്ക് ആരംഭിക്കുന്ന പരീക്ഷ ജൂലൈ എട്ടിനാണ് അവസാനിക്കുക. പരീക്ഷയ്ക്ക് സബ് സെന്ററുകള്‍ അനുവദിക്കില്ലെന്നാണ് കേരള യൂണിവേഴ്‌സിറ്റി അറിയിച്ചിരിക്കുന്നത്. കേരളത്തിന്റെ പല കോണുകളിലായുള്ള വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്ത് എത്തി എക്‌സാം എഴുതണമെന്നാണ് കേരള യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശം.

മാത്രമല്ല ഹോസ്റ്റലുകളെല്ലാം ക്വാറന്റീന്‍ കേന്ദ്രങ്ങളായതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനായി തുറന്നുകൊടുക്കാനാവില്ലെന്നാണ് അധികൃതരുടെ തീരുമാനം.

ഇത്തരത്തില്‍ പരീക്ഷയ്ക്കായി തിരുവനന്തപുരത്ത് എത്തിയാല്‍ തന്നെ താമസസൗകര്യം പോലും ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കൊവിഡ് സാഹചര്യത്തില്‍ തിരുവനന്തപുരത്ത് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും വിദ്യാര്‍ത്ഥികള്‍ ഡൂള്‍ന്യൂസുമായി പങ്കുവെച്ചു.

‘തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യുക്കേഷനിലെ ബി.എഡ് വിദ്യാര്‍ത്ഥിയാണ് ഞാന്‍. ഫിസിക്കലി ഹാന്‍ഡിക്യാപ്ഡ് ആണ്. ഏകദേശം 60 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഞാന്‍ ദിവസവും കോളേജില്‍ വരുന്നത്. ശാരീരികമായിട്ടുള്ള പല ബുദ്ധിമുട്ടുകളും ഞാന്‍ നേരിടുന്നുണ്ട്. ഇതിന് പുറമെ പല രോഗങ്ങളും അലട്ടുന്നുണ്ട്. കേരളത്തിന്റെ വടക്കെ അറ്റത്തുള്ള കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കുട്ടികള്‍ ഇവിടെ പരീക്ഷ എഴുതാന്‍ വരണമെന്നാണ് യൂണിവേഴ്‌സിറ്റി പറയുന്നത്.

കണ്ടെയ്ന്‍മെന്റില്‍ നിന്നും ഹോട്ട് സ്‌പോര്‍ട്ടില്‍ നിന്നും അടക്കം വന്നാണ് ഈ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. ഇവരില്‍ ആര്‍ക്കൊക്കെ രോഗമുണ്ടെന്ന് എനിക്ക് അറിയില്ല. എന്റെ ആരോഗ്യത്തില്‍ കേരള യൂണിവേഴ്‌സിറ്റി എന്ത് നടപടിയാണ് സ്വീകരിക്കുക’ എന്നാണ് ശ്രീനാഥ് എന്ന വിദ്യാര്‍ത്ഥി ചോദിക്കുന്നത്.

മാത്രമല്ല പല ജില്ലകളില്‍ നിന്നായി എത്തുന്ന തന്റെ സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും താമസിക്കാന്‍ പോലും സൗകര്യം ലഭിച്ചിട്ടില്ലെന്നും യാത്രാസൗകര്യം പോലുമില്ലാത്ത സ്ഥലങ്ങളില്‍ നിന്നും അവര്‍ എങ്ങനെയാണ് തിരുവനന്തപുരത്ത് എത്തിച്ചേരുകയെന്നും ശ്രീനാഥ് ചോദിക്കുന്നു.

ഇവിടെ ഹോസ്റ്റലുകളൊന്നും തുറന്നിട്ടില്ല. ഗവ. ഹോസ്റ്റലും പ്രൈവറ്റ് ഹോസ്റ്റലും തുറന്നില്ല. ലോഡ്ജുകള്‍ കൊള്ള പൈസയാണ് വാടകയായി ഈടാക്കുന്നത്. ഇവിടെ ഒരു പെണ്‍കുട്ടിക്ക് തനിച്ച് വന്ന് താമസിക്കാനാവില്ലല്ലോ, അവള്‍ കുടുബത്തിന്റെ കൂടെ വരണം. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികള്‍ രണ്ടാഴ്ചത്തേക്ക് ഇത്തരത്തില്‍ താമസിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അമിത ചിലവ് ആര് വഹിക്കും. കേരള യൂണിവേഴ്‌സിറ്റി ഇതില്‍ മറുപടി പറയേണ്ടതില്ലേ, ശ്രീനാഥ് ചോദിക്കുന്നു.

സമാന പരാതിയാണ് പാലക്കാട് സ്വദേശിയും ബി.എഡ് വിദ്യാര്‍ത്ഥിയുമായ ദിവ്യയും ഡൂള്‍ന്യൂസിനോട് പങ്കുവെച്ചത്. ‘നിരവധി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് പാലക്കാട്. ഞാന്‍ ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് പോകണമെങ്കില്‍ ട്രെയിനില്‍ യാത്ര ചെയ്യണം. ട്രെയിന്‍ യാത്രയില്‍ നമുക്ക് സാമൂഹിക അകലം എത്ര കണ്ട് പാലിക്കാന്‍ കഴിയുമെന്നതില്‍ സംശയമുണ്ട്.

അടുത്തടുത്ത് സീറ്റില്‍ ഇരിക്കേണ്ടി വരും. ചിലര്‍ നില്‍ക്കേണ്ടി വരും. എന്റെ ശരീരത്തില്‍ ഈ വൈറസ് ഉണ്ടെന്ന് കരുതുക. ഞാന്‍ തിരുവനന്തപുരത്തെത്തി ഇത്രയും കുട്ടികള്‍ക്ക് ഒപ്പമിരുന്ന് എക്‌സാം എഴുതുന്നു. അങ്ങനെയാണെങ്കില്‍ ഞാന്‍ കാരണം അവിടെയിരിക്കുന്ന അത്രയും കുട്ടികള്‍ക്ക് രോഗം പകരാന്‍ സാധ്യതയില്ലേ, അത്തരത്തില്‍ സംഭവിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ട് തന്നെയാണ് പോകുക. എങ്കില്‍ പോലും.

മാത്രമല്ല അവിടെ ഞാന്‍ താമസിച്ചുകൊണ്ടിരുന്നത് ഹോസ്റ്റലിലാണ്. ഇപ്പോള്‍ ഹോസ്റ്റലില്‍ താമസ സൗകര്യം ഇല്ല. അവിടെ ഏതെങ്കിലും കുട്ടികളുടെ വീട്ടിലെങ്കിലും ഞാന്‍ താമസസൗകര്യം ഒരുക്കേണ്ടി വരും. അപ്പോള്‍ അവിടെയുള്ളവര്‍ക്ക് എന്നെ കൊണ്ട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.
ഇതെല്ലാം ഉദ്ദേശിച്ചിട്ടായിരുന്നു പരീക്ഷ നീട്ടിവെക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല.

ഇനി പരീക്ഷ കഴിഞ്ഞ് പാലക്കാട്ടേക്ക് വന്നാലും ഞാന്‍ 14 ദിവസം ക്വാറന്റീനില്‍ ഇരിക്കണം. പഠിക്കാനുള്ള ഒരു സ്റ്റഡി മെറ്റീരിയലും നാട്ടിലേക്ക് കൊണ്ടുവന്നിട്ടില്ല. എല്ലാം അവിടെയാണ് ഉള്ളത്. ഗര്‍ഭിണികളായ കുട്ടികള്‍ വരെ ഒപ്പം പഠിക്കുന്നുണ്ട്. അവര്‍ക്ക് ഭയമുണ്ടാവില്ല.. എന്താണ് ഞങ്ങള്‍ ചെയ്യുക’, ദിവ്യ ചോദിക്കുന്നു.

ജീവിക്കാനുള്ള അവകാശം തന്നിരിക്കുന്ന ഈ രാജ്യത്ത് തന്റെ ആരോഗ്യത്തിന് ആര് ഉത്തരം പറയുമെന്നാണ് വിദ്യാര്‍ത്ഥിയായ ശ്രീനാഥ് ചോദിക്കുന്നത്. കേരള യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ എസ്.എസ്.എല്‍.സി പരീക്ഷ നടന്നല്ലോയെന്നും നിങ്ങള്‍ക്ക് ഡിഗ്രി എക്‌സാം വന്ന് എഴുതാന്‍ എന്താണ് ബുദ്ധിമുട്ട് എന്നുമാണ് ചോദിക്കുന്നത്.

എസ്.എസ്.എല്‍.സി എക്‌സാമിന്റെ പ്രത്യേകത ഓരോ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്കടുത്തുള്ള സ്‌കൂളുകളില്‍ പരീക്ഷ എഴുതാമെന്നതാണ്. എന്നാല്‍ ഇവിടെ പതിനാല് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒരു സെന്ററിലേക്ക് എത്തണമെന്നതാണ്.

എന്തുറപ്പിന്റെ പേരില്‍ അവര്‍ ഇവിടെ വരും. ഞങ്ങള്‍ക്ക് എക്‌സാം എഴുതാനുള്ള എന്ത് സാഹചര്യമാണ് യൂണിവേഴ്‌സിറ്റി ഒരുക്കിയത്. അവര്‍ വെറുതെ ടൈം ടേബില്‍ മാത്രം പ്രഖ്യാപിച്ചാല്‍ മതിയോ? ആരോഗ്യപരമായും സാമ്പത്തികപരമായുമുള്ള കാര്യങ്ങള്‍ പരിശോധിക്കണ്ടേ..

എനിക്ക് ഭയമാണ്. ഈ ഭയത്തോടുകൂടി ഞാന്‍ എങ്ങനെ പോയി എക്‌സാം എഴുതാം. എന്നെ മാസികമായി ശാരീരികമായും ടോര്‍ച്ചര്‍ ചെയ്യുകയാണ് യൂണിവേഴ്‌സിറ്റി’. ശ്രീനാഥ് പറയുന്നു.

മാത്രമല്ല സ്റ്റഡി മെറ്റീരിയലുകള്‍ അടക്കം ഹോസ്റ്റലുകളില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ പഠിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ ഡൂള്‍ന്യൂസിനോട് പറയുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് പോകാനാണ് അന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞത്. കൈയ്യില്‍ കിട്ടുന്നത് എടുത്ത് പോകാനായിരുന്നു അവര്‍ അന്ന് ആവശ്യപ്പെട്ടത്. ഉടനെ തിരിച്ചുവരാനാകുമെന്ന വിശ്വാസത്തിന്റെ പുറത്താണ് അവിടെ നിന്നും ഇറങ്ങിയതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

‘സ്റ്റഡി മെറ്റീരിയല്‍സ് എല്ലാം തിരുവനന്തപുരത്തെ ഹോസ്റ്റലിലാണ്. കൊവിഡ് സാഹചര്യത്തില്‍ അവിടെ നിന്നും പെട്ടെന്ന് തിരിക്കുകയായിരുന്നു. ലക്ഷദ്വീപിലേക്കുള്ള ഏറ്റവും അവസാനത്തെ ഷിപ്പിലാണ് ഞാന്‍ കയറിയത്. ഇനിയൊരു ഷിപ്പ് വിടില്ല എന്ന് പറഞ്ഞപ്പോള്‍ കയ്യില്‍ കിട്ടിയ കുറച്ച് പുസ്തകങ്ങളും വസ്ത്രങ്ങളും എടുത്ത് കപ്പലില്‍ കയറുകയായിരുന്നു. മറ്റൊന്നും എടുക്കാന്‍ സാധിച്ചില്ല.

പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ കവരത്തിയിലെ സബ്‌സെന്ററിലേക്ക് മാറ്റിത്തരാന്‍ പറ്റുമോ എന്ന് അധ്യാപകരെ വിളിച്ചുചോദിച്ചിരുന്നു. അതൊന്നും പറ്റില്ലെന്നും തിരുവനന്തപുരത്ത് കോളേജില്‍ വന്ന് പരീക്ഷ എഴുതണമെന്നുമാണ് അധ്യാപകന്‍ പറഞ്ഞത്. ‘ ഇസഹാഖ് പറയുന്നു.

യു.ജി.സിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം പരീക്ഷ വേണമെങ്കില്‍ മാറ്റിവെക്കാവുന്നതേയുള്ളൂവെന്നും മറ്റ് അസൈന്‍മെന്റ്‌സ് എല്ലാം സബ്മിറ്റ് ചെയ്തതുകൊണ്ട് രണ്ടാം സെമസ്റ്റര്‍ പരീക്ഷ അവര്‍ക്ക് വേണമെങ്കില്‍ ഒഴിവാക്കാമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

എക്‌സാം നടത്തി പേരെടുക്കുക എന്നതാണ് യൂണിവേഴ്‌സിറ്റിയുടെ ലക്ഷ്യമെന്നും ഈ എക്‌സാമിന്റെ ആവശ്യമില്ലെന്ന് കോളേജിലെ അധ്യാപകര്‍ തന്നെ പറയുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വി.സിക്കും എക്‌സാം കണ്‍ട്രോളര്‍ക്കും യൂണിവേഴ്‌സിറ്റിക്കും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

സബ്‌സെന്റര്‍ അനുവദിച്ച് പരീക്ഷ നടത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും തിരുവനന്തപുരത്ത് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ലഭിക്കില്ലെന്നതാണ് പ്രശ്‌നമെന്നും ബി.എഡ് വിദ്യാര്‍ത്ഥിയായ ശ്രീലക്ഷ്മി അറയക്കല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഒന്നുകില്‍ എക്‌സാം സബ്‌സെന്റര്‍ അനുവദിക്കുക. അല്ലെങ്കില്‍ എഴുതാന്‍ പറ്റാത്ത കുട്ടികള്‍ക്ക് പരീക്ഷ പിന്നീട് നടത്താം എന്ന് ഉറപ്പ് വരുത്തുക. അതുമല്ലെങ്കില്‍ പരീക്ഷ മാറ്റി വെയ്ക്കുക. ഇതാണ് ചെയ്യേണ്ടത്.

ഇവിടെ ഹോസ്റ്റല്‍ തുറന്നിട്ടില്ല. ഞാന്‍ നില്‍ക്കുന്ന വീട്ടില്‍ സ്ഥലമുണ്ടോയെന്ന് ചോദിച്ച് കുറേ പേര്‍ വിളിച്ചുു. ഒന്നു രണ്ടു പേരോട് ഇവിടെ നിന്നോളാന്‍ പറഞ്ഞിട്ടുണ്ട്. എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ റിസ്‌ക് എടുത്താണ് ഞാന്‍ അത് ചെയ്യുന്നത്.

ബാക്കിയുള്ള കോഴ്‌സുകള്‍ക്ക് യൂണിവേഴ്‌സിറ്റി സബ്‌സെന്റര്‍ അനുവദിക്കുന്നുണ്ട്. പക്ഷേ എല്ലാ യൂണിവേഴ്‌സിറ്റികളും ബി.എഡിനെ തഴയുന്നത് പോലെ തോന്നുന്നു. ഓരോ ജില്ലകളില്‍ നിന്നും കുറച്ചുകുട്ടികള്‍ മാത്രമുള്ളതുകൊണ്ടാവാം യൂണിവേഴ്‌സിറ്റി സബ് സെന്റര്‍ അനുവദിക്കാന്‍ മടിക്കുന്നതെന്നും ശ്രീലക്ഷ്മി പറഞ്ഞു.

അതേസമയം വിഷയത്തില്‍ കേരളയൂണിവേഴ്‌സിറ്റി വി.സിയുടേയും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്റേയും പ്രതികരണത്തിനായി ശ്രമിച്ചെങ്കിലും ലഭ്യമായിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.