| Monday, 31st July 2023, 8:09 am

'കരിയറിന്റെ അവസാന നാളുകളില്‍ മെസിക്കൊപ്പം കളിച്ച് വിരമിക്കും'; ആഗ്രഹം പങ്കുവെച്ച് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറിന്റെ അവസാന നാളുകളില്‍ താന്‍ മെസിക്കൊപ്പം ബൂട്ടുകെട്ടുമെന്ന് ബാഴ്സലോണയുടെ മുന്‍ ഉറുഗ്വന്‍ താരം ലൂയിസ് സുവാരസ്. അവസാന നാളുകളില്‍ തങ്ങള്‍ക്ക് ഒരേ ക്ലബ്ബുകളില്‍ ബൂട്ടുകെട്ടാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആല്‍ബിസെലസ്റ്റ ടോക്കിനോട് സംസാരിക്കുമ്പോഴാണ് സുവാരസ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഇക്കാര്യം നെയ്മറുമിരിക്കുമ്പോഴാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. കരിയറിന്റെ അവസാന നാളുകള്‍ ഒരേ ക്ലബ്ബില്‍ ചെലവഴിക്കാനാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഫുട്ബോള്‍ അതിമനോഹരമായി ആസ്വദിച്ച് ഒരുമിച്ച് വിരമിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നെയ്മറിന്റെ കാര്യം എങ്ങനെയെന്ന് എനിക്കറിയില്ല. പക്ഷെ ഞാനും മെസിയും ഒരുമിച്ചായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്,’ സുവാരസ് പറഞ്ഞു.

ബാഴ്സലോണ ക്ലബ്ബില്‍ കളിച്ചിരുന്ന സമയത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന മൂവരും പിന്നീട് ക്ലബ്ബ് വിടുകയായിരുന്നു. മെസിക്കൊപ്പം ബ്ലൂഗ്രാന ജേഴ്സിയില്‍ കളിച്ച 258 മത്സരങ്ങളില്‍ നിന്ന് 99 ഗോള്‍ അക്കൗണ്ടിലാക്കാന്‍ സുവാരസിന് സാധിച്ചിട്ടുണ്ട്. നെയ്മര്‍ക്കൊപ്പം 124 മത്സരങ്ങളിലാണ് സുവാരസ് പ്രത്യക്ഷപ്പെട്ടത്.

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. മെസിക്ക് പിന്നാലെ ബാഴ്സലോണ ഇതിഹാസങ്ങളായ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ജോര്‍ധി ആല്‍ബ എന്നിവരെ കൂടി തട്ടകത്തിലെത്തിച്ച് മികച്ച സ്‌ക്വാഡ് കെട്ടിപ്പടുത്തിരിക്കുയാണ് എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമി. തൊട്ടുപിന്നാലെ ഉറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാരസിനെയും സ്വന്തമാക്കാനൊരുങ്ങുകയാണ് മയാമിയെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ സുവാരസിന് ഇന്റര്‍ മയാമിയുമായി സൈനിങ് നടത്താന്‍ സാധ്യതയില്ലെന്നാണ് സൂചന. ഈ വര്‍ഷം മുഴുവന്‍ സുവാരസ് നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ ഗ്രിമിയോയില്‍ തന്നെ തുടരണമെന്നാണ് അവരുടെ ആവശ്യം. 2024ന് മുമ്പായി കോണ്‍ട്രാക്ട് റദ്ദാക്കണമെങ്കില്‍ സുവാരസ് ഇതുവരെ കൈപ്പറ്റിയ വേതനം മുഴുവന്‍ തിരികെ നല്‍കണമെന്നതാണ് ഗ്രിമിയോയുടെ മറ്റൊരു ഡിമാന്‍ഡ്.

ഇതിന് പുറമെ ഒരു നിശ്ചിത തുക നഷ്ട പരിഹാരമായി നല്‍കാനും ഗ്രിമിയോ ആവശ്യപ്പെടുന്നുണ്ട്. ഇതെല്ലാം ചെയ്യാന്‍ താരം തയ്യാറായിട്ടും ക്ലബ്ബിന്റെ അനുവാദം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇ.എസ്.പി.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Suarez wants to retire with Lionel Messi

We use cookies to give you the best possible experience. Learn more