ബാഴ്‌സലോണയില്‍ തന്റെ സഹതാരമായിരുന്ന നെയ്മറോട് ക്ലബ്ബ് വിട്ട് പോകേണ്ടെന്ന് താന്‍ ഉപദേശിച്ചിരുന്നുവെന്ന് ഉറുഗ്വേന്‍ താരം ലൂയിസ് സുവാരസ്. പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് പോകുന്നതിനെക്കാള്‍ നല്ലത് മാഞ്ചസ്റ്റര്‍ സിറ്റിയാണെന്നും താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ മാത്രമല്ല, മെസിയും അന്ന് ബാഴ്‌സ വിട്ട് പോകേണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സുവാരസ് പറഞ്ഞു.
‘നെയ്മര്‍ ബാഴ്‌സലോണയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്നിപ്പോള്‍ അദ്ദേഹത്തെ തേടി ഒരു ബാലണ്‍ ഡി ഓര്‍ എത്തുമായിരുന്നു. എന്റെ അഭിപ്രായം ഞാന്‍ അവനോട് പങ്കുവെച്ചിരുന്നു. അവിടെ തുടര്‍ന്നിരുന്നെങ്കില്‍ അവാര്‍ഡ് നേടാമായിരുന്നെന്ന്. ഞാന്‍ മാത്രമല്ല മെസിയും ഇതുതന്നെ പറഞ്ഞിരുന്നു.
നിനക്കെല്ലാം നേടണമെങ്കില്‍ നീ ഇവിടെ തന്നെ നില്‍ക്കെന്നായിരുന്നു ഞങ്ങള്‍ അവനോട് പറഞ്ഞത്. പക്ഷെ തീരുമാനമെടുക്കേണ്ടത് അവനായിരുന്നു. അവന് കുടുംബത്തെ കൂടി പരിഗണിക്കണമായിരുന്നു. ഇംഗ്ലണ്ട് ആണ് ബെറ്ററെന്നും ഫ്രാന്‍സില്‍ ഒന്നും ചെയ്യാനില്ലെന്നും ഞാനവനോട് പറഞ്ഞിരുന്നു,’ സുവാരസ് പറഞ്ഞു.
222 മില്യണ്‍ യൂറോക്ക് ലീഗ് വണ്‍ വമ്പന്മാരുടെ ക്ലബ്ബിലേക്കുള്ള നെയ്മറുടെ സൈനിങ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ട്രാന്‍സ്ഫറായി ഇന്നും നിലനില്‍ക്കുന്നുണ്ട്. പി.എസ്.ജിക്കായി ഇതുവരെ കളിച്ച 173 മത്സരങ്ങളില്‍ നിന്ന് 118 ഗോളും 77 അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയത്.
നിലവിലെ പി.എസ്.ജി സ്‌ക്വാഡിലെ സൂപ്പര്‍ താരങ്ങളാണ് മെസിയും നെയ്മറും. ഫ്രഞ്ച് ക്ലബ്ബിന്റെ അക്രമണ മുന്നേറ്റങ്ങളില്‍ കുന്തമുനയാകാന്‍ ഇരു താരങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. ക്ലബ്ബിലെ വലിയ സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും.
മുമ്പ് ബാഴ്‌സലോണയില്‍ ഒരുമിച്ച് കളിച്ചിരുന്ന കാലത്താണ് ഫുട്‌ബോളിലെ ചിര വൈരികളായ ബ്രസീലിലെയും അര്‍ജന്റീനയിലേയും താരങ്ങളായ മെസിയും നെയ്മറും തമ്മിലുള്ള സൗഹൃദം ദൃഢപ്പെടുന്നത്.