ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര സഖ്യത്തിന്റെ ഭാഗമായിരുന്നു ലയണല്‍ മെസിയും ലൂയിസ് സുവാരസും നെയ്മറും. മൂവരും വളരെയടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ബാഴ്സലണോയുടെ സുവര്‍ണകാലഘട്ടത്തില്‍ മെസിയുടെ കൂടെ തന്നെയുണ്ടായിരുന്ന പ്രധാന താരമാണ് സുവാരസ്.
സുവാരസ് എത്തിയതിനു ശേഷമുള്ള ആറു വര്‍ഷങ്ങളില്‍ ബാഴ്‌സലോണ നേടിയ 70 ശതമാനം ഗോളുകളിലും ഇവര്‍ രണ്ട് പേരിലൊരാള്‍ പങ്കു വഹിച്ചിട്ടുണ്ട്.
ബാഴ്‌സലോണയില്‍ മെസിക്കും നെയ്മര്‍ക്കുമൊപ്പമുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ താരം. വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ ടീമിന്റെ വിജയത്തിന് മൂവര്‍ക്കും ഒറ്റക്കെട്ടായി നില്‍ക്കാന്‍ സാധിച്ചിരുന്നെന്നും തന്റെ ഗോള്‍ഡന്‍ ബൂട്ട് നേട്ടത്തിന് ഇരുവരും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ക്ക് മെസിയാണ് ലോകത്തെ ഏറ്റവും മികച്ച താരം. എന്നെ സംബന്ധിച്ച് നെയ്മര്‍ ലോകത്തെ മികച്ച രണ്ടാമത്തെ താരവുമാണ്. അവരാണ് ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എന്നെ സഹായിച്ചത്. ഞാനവരോട് എന്നും കടപ്പെട്ടിരിക്കും.
മൂന്ന് താരങ്ങള്‍ക്ക് വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ ഒരേ ക്ലബ്ബില്‍ തുടരാനും, ഒറ്റക്കെട്ടായി കളിക്കാനും കഴിയുമെന്നതിന് ഉദാഹരണമാണ് എന്റെയും മെസിയുടെയും നെയ്മറിന്റെയും ബാഴ്‌സലോണ ദിനങ്ങള്‍,’ സുവാരസ് പറഞ്ഞു.
2020നായിരുന്നു സുവാരസ് ബാഴ്സ വിട്ടത്. പിന്നീട് മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കൊ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു. നിലവില്‍ ഗ്രേമ്യോ ഫുട്‌ബോള്‍ പോര്‍ട്ടോ അലെഗ്രന്‍സിന് വേണ്ടിയാണ് സുവാരസ് കളിക്കുന്നത്.
Content Highlights: Suarez shares experiences in Barcelona