| Saturday, 9th July 2022, 2:57 pm

മെസിയുമായി ഇനി ഒന്നിക്കാന്‍ ചാന്‍സില്ല; വെളിപ്പെടുത്തലുമായി മുന്‍ ബാഴ്‌സ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലണോയുടെ സുവര്‍ണകാലഘട്ടത്തില്‍ മെസിയുടെ കൂടെ തന്നെയുണ്ടായിരുന്ന പ്രധാന താരമാണ് ലൂയി സുവാരസ്. ഇരുവരും ബാഴ്‌സയെ ഒരുപാട് വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. 2020നായരുന്നു സുവാരസ് ബാഴ്‌സ വിട്ടത്.

പിന്നീട് മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കൊ മാഡ്രിഡിലാണ് താരം കുടിയേറിയത്. എന്നാല്‍ ഇപ്പോള്‍ താരം ഫ്രീ ഏജന്റാണ്. ഈ വര്‍ഷം അവസാനം നടക്കുന്ന ലോകകപ്പില്‍ മികച്ച രീതിയില്‍ തയാറെടക്കാനുള്ള പുറപ്പാടിലാണ് സുവാരസ്. അതിന് യോജ്യമായ ക്ലബ്ബാണ് താരം ഇപ്പോള്‍ നോക്കുന്നത്. എന്നാല്‍ ഇതുവരെയും ഒരു ക്ലബ്ബുമായും താരം കരാറായിട്ടില്ല.

ഇതിനു മുമ്പ് ലയണല്‍ മെസിക്കൊപ്പം അമേരിക്കന്‍ ലീഗില്‍ ഡേവിഡ് ബെക്കാമിന്റെ ക്ലബായ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറാനുള്ള താല്‍പര്യം സുവാരസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനുള്ള സാധ്യതകളെ താരം കഴിഞ്ഞ ദിവസം സംസാരിക്കുമ്പോള്‍ തള്ളിക്കളഞ്ഞു. സമീപകാലത്തൊന്നും അതിനുള്ള സാധ്യതകള്‍ ഇല്ലെന്നാണ് സുവാരസ് പറയുന്നത്.

‘ലയണല്‍ മെസിക്കൊപ്പം ഇന്റര്‍ മിയാമിയില്‍ കളിക്കുക? അത് യാഥാര്‍ത്ഥ്യമല്ല. പലതും പറയപ്പെടുന്നുണ്ട്. ഞങ്ങള്‍ കളിക്കാര്‍ക്ക് മറ്റുള്ളവര്‍ പറയുന്നത് നിരസിക്കാന്‍ ഇരുപത്തിനാലു മണിക്കൂറും ചിലവഴിക്കാന്‍ കഴിയില്ല. അവര്‍ പറയട്ടെ. ലിയോയുടെ ഭാവി പാരീസിലാണ്. താരത്തിന് എവിടെയാണ് വിരമിക്കാന്‍ താല്‍പര്യമെന്ന് എനിക്കറിയില്ല.’ സുവാരസ് പറഞ്ഞു.

ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര സഖ്യത്തിന്റെ ഭാഗമായിരുന്നു ലയണല്‍ മെസിയും ലൂയിസ് സുവാരസും. ഇരുവരും വളരെയടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. സുവാരസ് എത്തിയതിനു ശേഷമുള്ള ആറു വര്‍ഷങ്ങളില്‍ ബാഴ്സലോണ നേടിയ 70 ശതമാനം ഗോളുകളിലും ഇവര്‍ രണ്ട് പേരിലൊരാള്‍ പങ്കു വഹിച്ചിട്ടുണ്ട്.

അതേസമയം അടുത്ത സീസണില്‍ സുവാരസ് ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അര്‍ജന്റീനിയന്‍ ക്ലബ്ബായ റിവര്‍പ്ലേറ്റ്, പ്രീമിയര്‍ ലീഗ് ക്ലബായ ആസ്റ്റണ്‍ വില്ല എന്നിവിടങ്ങളിലേക്കാണ് താരമെത്താന്‍ കൂടുതല്‍ സാധ്യത നിലനില്‍ക്കുന്നത്.

Content Highlights: Suarez Says playing with  Messi wouldn’t happen again

We use cookies to give you the best possible experience. Learn more