| Friday, 2nd December 2022, 8:00 pm

മാപ്പ് പറയാൻ സൗകര്യമില്ല; ഘാനക്കെതിരെയുള്ള മത്സരത്തെക്കുറിച്ച് ലൂയി സുവാരസ്

സ്പോര്‍ട്സ് ഡെസ്‌ക്

വെള്ളിയാഴ്ച ഗ്രൂപ്പ്‌ എച്ചിലെ നിർണായകമായ മത്സരത്തിൽ ഘാനയെ ഉറുഗ്വേ നേരിടുമ്പോൾ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. എന്നാൽ വിജയത്തിലുപരി 12വർഷമായി കാത്തിരിക്കുന്ന ഒരു പ്രതികാരം നിർവഹിക്കാൻ ഘാനക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്.

2010 ലോകകപ്പ് ക്വാർട്ടർ ഫൈനൽ ആയിരുന്നു വേദി. ഘാന-ഉറുഗ്വേ മത്സരം പുരോഗമിക്കവേ മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച അവസരത്തിൽ കളിയുടെ അധികസമയം പിന്നിടാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ, ഘാനയുടെ ഫോർവേഡ് താരം ഡൊമനിക്ക് അദിയേഹിന്റെ ഗോൾ എന്നുറച്ച ഹെഡ്ഡർ ലൂയി സുവാരസ് ഗോൾ ലൈനിന് മുമ്പിൽ കൈ ഉപയോഗിച്ച് തടുത്തിരുന്നു.

ആ പന്ത് ഗോളായിരുന്നെങ്കിൽ ആദ്യമായി ലോകകപ്പ് സെമി ഉറപ്പാക്കുന്ന ആഫ്രിക്കൻ രാജ്യം എന്ന ഖ്യാതി ഘാന സ്വന്തമാക്കുമായിരുന്നു.
പന്ത് കൈ ഉപയോഗിച്ച് തടുത്തതിന് സുവാരസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയെങ്കിലും ലഭിച്ച പെനാൽട്ടി ഘാന മുന്നേറ്റ നിര താരം അശമോഹ് ഗ്യാന് നഷ്‌ടപ്പെടുത്തി.

തുടർന്ന് ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളുകൾ സ്കോർ ചെയ്ത് ഉറുഗ്വേ സെമി ഫൈനൽ ബെർത്ത്‌ ഉറപ്പാക്കി. സെമിയിൽ നെതർലൻഡ്സിനോട് പരാജയപ്പെട്ട് പുറത്തായെങ്കിലും ബ്രസീൽ, അർജന്റീന തുടങ്ങിയ വമ്പൻമാരടങ്ങിയ ലാറ്റിൻ അമേരിക്കയിൽ നിന്നും സെമിയിൽ പ്രവേശിക്കാൻ കഴിഞ്ഞ ഏക ടീം എന്ന നിലയിൽ ഉറുഗ്വേക്ക് അഭിമാനിക്കാൻ സാധിച്ചിരുന്നു.

ഉറുഗ്വേ-ഘാന മത്സരത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തിൽ ഘാനയിലെ ജനങ്ങൾ 2010ലെ മത്സരത്തിന് ശേഷം താങ്കളെ ഒരു ഭീകരനായാണ് കാണുന്നത് എന്ന് സൂചിപ്പിച്ച മാധ്യമ പ്രവർത്തകൻ ഘാനയിലെ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറുണ്ടോ എന്ന് ചോദിച്ചപ്പോൾ
“ഞാൻ മാപ്പ് പറയാൻ തയ്യാറല്ല കാരണം ഞാൻ ഹാൻഡ് ബോൾ വഴങ്ങിയെങ്കിലും പെനാൽട്ടി മിസ്സ്‌ ചെയ്തത് എന്റെ തെറ്റല്ല.,
എന്നായിരുന്നു സുവാരസിന്റെ മറുപടി.

ഒരു ടാക്കിൾ ചെയ്യേണ്ടി വന്നിരുന്നെങ്കിലും അല്ലെങ്കിൽ ഒരു കളിക്കാരന് പരിക്കേൽപ്പിക്കേണ്ടി വന്നിരുന്നെങ്കിലും മാപ്പ് പറയാമായിരുന്നു. പക്ഷെ അന്ന് സാഹചര്യം വ്യത്യസ്തമായിരുന്നു.അവിടെ ഞാൻ തെറ്റുകാരനല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രൂപ്പ്‌ എച്ചിൽ ഘാന രണ്ട് മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു തോൽവിയുമായി മൂന്ന് പോയിന്റുകളോടെ രണ്ടാം സ്ഥാനത്താണ്. ഉറുഗ്വേ ഒരു തോൽവിയും ഒരു സമനിലയുമായി ഒരു പോയിന്റോടെ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരാണ്. ഇന്ന് ജയിക്കാൻ സാധിച്ചാൽ ഘാനക്ക് പ്രീ ക്വാർട്ടർ ഉറപ്പാക്കാം. ഉറുഗ്വേക്ക് ജയിക്കുന്നതിനൊപ്പം പോർച്ചുഗൽ -ദക്ഷിണ കൊറിയ മത്സരഫലം കൂടി ആശ്രയിച്ച് മാത്രമേ പ്രീ ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്താനാകൂ.

35 കാരനായ സുവാരസ് കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേയുടെ ഫസ്റ്റ് ഇലവനിൽ ഉണ്ടായിരുന്നില്ല. മൂന്ന് ഫോർവേർഡുകളെ ഉപയോഗിച്ചുള്ള ഫോർമേഷനിൽ ഉറുഗ്വേ ഇറങ്ങിയാലെ സുവാരസ് ഘാനക്കെതിരെ ആദ്യ ഇലവനിൽ ഉണ്ടാവുകയുള്ളൂ.

Content Highlights:suarez said he is not apologize ghana

We use cookies to give you the best possible experience. Learn more