കരിയറിന്റെ അവസാന ഘട്ടത്തില്‍ താനും മെസിയും ഒരുമിച്ച് ബൂട്ടുകെട്ടുമെന്നും നെയ്മറിന്റെ കാര്യം എങ്ങനെയെന്നറിയില്ലെന്നും ബാഴ്‌സലോണയുടെ മുന്‍ ഉറുഗ്വന്‍ താരം ലൂയിസ് സുവാരസ്. അവസാന നാളുകളില്‍ തങ്ങള്‍ക്ക് ഒരേ ക്ലബ്ബുകളില്‍ ബൂട്ടുകെട്ടാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആല്‍ബിസെലസ്റ്റ ടോക്കിനോട് സംസാരിക്കുമ്പോഴാണ് സുവാരസ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഇക്കാര്യം നെയ്മറുമിരിക്കുമ്പോഴാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. കരിയറിന്റെ അവസാന നാളുകള്‍ ഒരേ ക്ലബ്ബില്‍ ചെലവഴിക്കാനാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഫുട്‌ബോള്‍ അതി മനോഹരമായി ആസ്വദിക്കുകയും ഒരുമിച്ച് വിരമിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം. നെയ്മറിന്റെ കാര്യം എങ്ങനെയെന്ന് എനിക്കറിയില്ല. പക്ഷെ ഞാനും മെസിയും ഒരുമിച്ചായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്,’ സുവാരസ് പറഞ്ഞു.
ബാഴ്‌സലോണ ക്ലബ്ബില്‍ കളിച്ചിരുന്ന സമയത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന മൂവരും പിന്നീട് ക്ലബ്ബ് വിടുകയായിരുന്നു. മെസിക്കൊപ്പം ബ്ലൂഗ്രാന ജേഴ്‌സിയില്‍ കളിച്ച 258 മത്സരങ്ങളില്‍ നിന്ന് 99 ഗോള്‍ അക്കൗണ്ടിലാക്കാന്‍ സുവാരസിന് സാധിച്ചിട്ടുണ്ട്. നെയ്മര്‍ക്കൊപ്പം 124 മത്സരങ്ങളിലാണ് സുവാരസ് പ്രത്യക്ഷപ്പെട്ടത്. 40 ഗോളുകളായിരുന്നു സമ്പാദ്യം.
അതേസമയം, കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമിയുമായി സൈന്‍ ചെയ്യുമെന്ന വിവരം പുറത്തുവിട്ടത്. ദീര്‍ഘ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മെസി തന്നെയാണ് ഇക്കാര്യം ഔദ്യാഗികമായി അറിയിച്ചത്. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം എം.എല്‍.എസ് ക്ലബ്ബുമായി സൈന്‍ ചെയ്യുക.
മെസി ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത്. മെസിയുടെ പിതാവും ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മെസിക്ക് ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും എന്നാല്‍ ക്ലബ്ബുമായി ചര്‍ച്ച ചെയ്ത് മറ്റ് തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ മാത്രമെ ക്ലബ്ബുമായി സൈനിങ് നടത്തുകയുള്ളൂ എന്നും മെസിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ സൈന്‍ ചെയ്യുന്നതില്‍ നിന്ന് ബാഴ്‌സലോണക്ക് വിലങ്ങുതടി ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Content Highlights: Suarez hopes he can play along with Messi and Neymar in the end of his career