| Monday, 31st July 2023, 8:57 am

അന്നങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇന്ന് നെയ്മറെ തേടി ബാലണ്‍ ഡി ഓര്‍ എത്തുമായിരുന്നു: സുവാരസ്

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്സലോണയില്‍ തന്റെ സഹതാരമായിരുന്ന നെയ്മറോട് ക്ലബ്ബ് വിട്ട് പോകേണ്ടെന്ന് താന്‍ ഉപദേശിച്ചിരുന്നുവെന്ന് ഉറുഗ്വേന്‍ താരം ലൂയിസ് സുവാരസ്. പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് പോകുന്നതിനെക്കാള്‍ നല്ലത് മാഞ്ചസ്റ്റര്‍ സിറ്റിയാണെന്ന് താന്‍ നെയ്മറോട് പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. താന്‍ മാത്രമല്ല, മെസിയും അന്ന് ബാഴ്സ വിട്ട് പോകേണ്ടെന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും സുവാരസ് കൂട്ടിച്ചേര്‍ത്തു.

‘നെയ്മര്‍ ബാഴ്സലോണയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്നിപ്പോള്‍ അദ്ദേഹത്തെ തേടി ഒരു ബാലണ്‍ ഡി ഓര്‍ എത്തുമായിരുന്നു. എന്റെ അഭിപ്രായം ഞാന്‍ അവനോട് പങ്കുവെച്ചിരുന്നു. അവിടെ തുടര്‍ന്നിരുന്നെങ്കില്‍ അവാര്‍ഡ് നേടാമായിരുന്നെന്ന്. ഞാന്‍ മാത്രമല്ല മെസിയും ഇതുതന്നെ പറഞ്ഞിരുന്നു.

നിനക്കെല്ലാം നേടണമെങ്കില്‍ നീ ഇവിടെ തന്നെ നില്‍ക്കെന്നായിരുന്നു ഞങ്ങള്‍ അവനോട് പറഞ്ഞത്. പക്ഷെ തീരുമാനമെടുക്കേണ്ടത് അവനായിരുന്നു. അവന് കുടുംബത്തെ കൂടി പരിഗണിക്കണമായിരുന്നു. ഇംഗ്ലണ്ട് ആണ് ബെറ്ററെന്നും ഫ്രാന്‍സില്‍ ഒന്നും ചെയ്യാനില്ലെന്നും ഞാനവനോട് പറഞ്ഞിരുന്നു,’ സുവാരസ് പറഞ്ഞു.

നെയ്മറുടെ പി.എസ്.ജിയിലെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. 2027 വരെ താരത്തിന് ക്ലബ്ബുമായി കരാര്‍ ഉണ്ടെങ്കിലും ഈ സീസണിന്റെ അവസാനത്തോടെ നെയ്മറെ പി.എസ്.ജി വില്‍ക്കാന്‍ പദ്ധതിയിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നെയ്മര്‍ സ്വന്തം ഇഷ്ട പ്രകാരം ക്ലബ്ബ് വിടുകയാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മര്‍ക്ക് പി.എസ്.ജിയുടെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു. വിശ്രമമെന്ന പേരില്‍ നെയ്മര്‍ നാട്ടില്‍ പാര്‍ട്ടി ചെയ്ത് നടക്കുകയാണെന്നാരോപിച്ച് പി.എസ്.ജി ആരാധകര്‍ താരത്തിന്റെ വീട്ടിന് മുന്നില്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് പി.എസ്.ജി താരത്തിന് പ്രത്യേക സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്തു.

എന്നാല്‍ അഭ്യൂഹങ്ങള്‍ അസ്ഥാനത്താക്കി കൊണ്ട് ദീര്‍ഘ നാളത്തെ വിശ്രമത്തിന് ശേഷം നെയ്മര്‍ പി.എസ്.ജിയില്‍ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പി.എസ്.ജി ആരാധകര്‍ക്ക് തന്നോടിഷ്ടമില്ലെന്ന് അറിയാമെന്നും എന്നാല്‍ കരാര്‍ അവസാനിക്കുന്നത് വരെ ക്ലബ്ബില്‍ തുടരാനാണ് തന്റെ തീരുമാനമെന്നുമാണ് നെയ്മര്‍ പറഞ്ഞത്. ബ്രസീലിയന്‍ ജേണലിസ്റ്റായ കാസിമിറോ മിഗ്വെലിനോട് സംസാരിക്കുന്നതിനിടെയാണ് നെയ്മര്‍ ഇക്കാര്യം പങ്കുവെച്ചത്.

‘പി.എസ്.ജിയില്‍ ആളുകളുടെ സ്നേഹവും പിന്തുണയും ഇല്ലെങ്കിലും ഞാന്‍ ശാന്തനാണ്. കാണികളുടെ സ്നേഹമുണ്ടെങ്കിലും ഇല്ലെങ്കിലും പി.എസ്.ജിയില്‍ തുടരാന്‍ തന്നെയാണ് എന്റെ തീരുമാനം,’ നെയ്മര്‍ പറഞ്ഞു.

2017ല്‍ 223 മില്യണ്‍ യൂറോയുടെ ലോക റെക്കോഡ് ട്രാന്‍സ്ഫറിലാണ് പി.എസ്.ജി നെയ്മറെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. എന്നാല്‍ പരിക്കുകള്‍ തുടര്‍ച്ചയായി വേട്ടയാടാന്‍ തുടങ്ങിയതോടെ താരത്തിന് പി.എസ്.ജിയില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഇഞ്ച്വറി കാരണം 100ലധികം മത്സരങ്ങളാണ് നെയ്മര്‍ക്ക് പി.എസ്.ജിയില്‍ നഷ്ടമായത്.

Content Highlights: Suarez about Neymar’s Barcelona exit

We use cookies to give you the best possible experience. Learn more