രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച സംഭാവനയില്‍ 87 ശതമാനവും കോര്‍പ്പറേറ്റ് പണം
India
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച സംഭാവനയില്‍ 87 ശതമാനവും കോര്‍പ്പറേറ്റ് പണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2014, 6:25 pm

[]ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളില്‍ ഏറിയ പങ്കും വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നാണെന്ന് കണക്കുകള്‍.

2004-05 മുതല്‍ 2011-12 വരെയുള്ള എട്ട് വര്‍ഷത്തിനിടെ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ച 435.87 കോടിയില്‍ 378.89 കോടിയും നല്‍കിയത് കോര്‍പ്പറേറ്റുകളാണ്.

ഇത് മൊത്തം സംഭാവനയുടെ 87 ശതമാനം വരും. എട്ടുവര്‍ഷത്തിനിടയില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന 2009ലാണ് കോര്‍പ്പറേറ്റുകള്‍ ഏറ്റവുമധികം സംഭാവന നല്‍കിയത്.

സംഭാവന സ്വീകരിച്ചതില്‍ ആദ്യസ്ഥാനം ബി.ജെ.പി.ക്കാണ്. വിവിധ മേഖലയില്‍പ്പെട്ട 1,334 സ്ഥാപനങ്ങളില്‍ നിന്നായി 192.47 കോടിയാണ് ഈ കാലയളവില്‍ ബി.ജെ.പി സ്വീകരിച്ചത്.

കോണ്‍ഗ്രസ്സിന് 418 സ്ഥാപനങ്ങളില്‍ നിന്നായി 172.25 കോടിയും കിട്ടി. കോണ്‍ഗ്രസ്സിന് ലഭിച്ച സംഭാവനകളില്‍ 92 ശതമാനവും ബി.ജെ.പി.യുടേതില്‍ 85 ശതമാനവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നാണ്.

സി.പി.ഐ.എമ്മിന് 108 കോര്‍പ്പറേറ്റുകളില്‍ നിന്നായി 1.78 കോടിയും സി.പി.ഐക്ക് 13 സ്ഥാപനങ്ങളില്‍ നിന്നായി 11 ലക്ഷം രൂപയുമാണ് ലഭിച്ചത്. സി.പി.ഐ.എമ്മിന്റെ ആകെ സംഭാവനകളില്‍ 31 ശതമാനവും സി.പി.ഐ.യുടെ മൂന്ന് ശതമാനവും ഇത്തരം കമ്പനികളില്‍ നിന്നാണ്.

എന്‍.സി.പി. വാങ്ങിയ സംഭാവനയില്‍ 99 ശതമാനവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നാണ്. അതായത് ആകെ ലഭിച്ച 12.35 കോടിയില്‍ 12.28 കോടിയും കോര്‍പ്പറേറ്റുകള്‍ നല്‍കിയതാണ്.

ഇരുപതിനായിരം രൂപയ്ക്കുമേല്‍ സംഭാവന നല്‍കുന്നവരുടെ പേരും വിലാസവും പാന്‍ നമ്പറും സഹിതമുള്ള വിവരങ്ങള്‍ എല്ലാ വര്‍ഷവും തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്നാണ് നിബന്ധന.

ഇതനുസരിച്ച് പാര്‍ട്ടികള്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധസംഘടനയാണ് കണക്ക് പുറത്തുവിട്ടത്.

2012-13 വര്‍ഷത്തെ കണക്കുകള്‍ കോണ്‍ഗ്രസ്സും സി.പി.ഐ.എമ്മും മാത്രമാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് ആ വര്‍ഷത്തെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കീഴിലുള്ള ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റാണ് കോണ്‍ഗ്രസ്സിന് ഏറ്റവും കൂടുതല്‍ സംഭാവന (36.41 കോടി) നല്‍കിയത്. ടോറന്റ് പവര്‍(11.85 കോടി), ഭാരതി ഇലക്ടറല്‍ ട്രസ്റ്റ്(11 കോടി) എന്നിവരാണ് മറ്റ് വലിയ സംഭാവനക്കാര്‍.

ബി.ജെ.പിക്ക് കൂടുതല്‍ സംഭാവന (26.57 കോടി) നല്‍കിയതും ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റ് തന്നെ. ടോറന്റ് പവര്‍(13 കോടി), ഏഷ്യാനെറ്റ് ഹോള്‍ഡിങ് (10 കോടി) എന്നിവരും ബി.ജെ.പിക്ക് സംഭാവന നല്‍കി. എന്‍.സി.പിക്ക് അംബുജ സിമന്റ്‌സ്, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, ഇന്‍ഫിന ഫിനാന്‍സ് എന്നിവ ഒരു കോടി വീതം നല്‍കി.

എട്ടുവര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന 2009-10ലാണ് പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത്. ഈ കാലയളവില്‍ 158.68 കോടിയാണ് കിട്ടിയത്. ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ സംഭാലന ലഭിച്ചത് 2004-05ലാണ് (62.14 കോടി).

ട്രസ്റ്റുകളില്‍ നിന്നും കമ്പനി ഗ്രൂപ്പുകളില്‍ നിന്നുമാണ് കോണ്‍ഗ്രസ് ഏറ്റവുമധികം സംഭാവന (70.28 കോടി) വാങ്ങിയത്. എന്നാല്‍ നിര്‍മാണമേഖലയിലെ കമ്പനികളാണ് ബി.ജെ.പിക്ക് കൂടുതല്‍ സംഭാവന  നല്‍കിയത് (58.18 കോടി).