മലയാള സിനിമയിലെ എവർഗ്രീൻ നായകനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഓരോ ഫോട്ടോകളും കോസ്റ്റ്യൂമുകളും നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്.
മമ്മൂക്കയുടെ ജന്മദിനത്തിൽ അദ്ദേഹവുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് സ്റ്റൈലിസ്റ്റ് അഭിജിത്. മമ്മൂട്ടിയുടെ സ്‌റ്റൈലിസ്റ്റ് ആയി എത്തിയതിനെ കുറിച്ചും താൻ സെലക്ട് ചെയ്ത ഒരു ഷർട്ട് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടതോടെ തന്റെ തലവര മാറിയതിനെ കുറിച്ചുമൊക്കെ പറയുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ അഭിജിത്.
കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് മമ്മൂക്കയുടെ കൂടെ ഒരാളെ വേണമെന്നറിയുന്നതെന്നും അതിനുശേഷം വർഷം എന്ന സിനിമയിൽ തനിക്ക് അവസരം ലഭിച്ചുവെന്നും അഭിജിത് പറഞ്ഞു. താനൊരു കടുത്ത മമ്മൂക്ക ഫാനാണെന്നും അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നതെന്നും അഭിജിത് പറഞ്ഞു.
‘മമ്മൂക്കയെ കാണാം എന്ന് കരുതിയാണ് ഞാൻ വർഷം എന്ന സിനിമയിൽ വർക്ക് ചെയ്തത്, കൂടെ നമ്മുടെ കാര്യങ്ങളും നടന്നു പോകും. പിന്നീട് പുതിയ നിയമം എന്ന പടം നടന്നു കൊണ്ടിരിക്കുമ്പോൾ മമ്മൂക്കയുടെ കോസ്റ്റ്യൂം ചെയ്തിരുന്ന ചേട്ടൻ വ്യക്തിപരമായ കാരണങ്ങൾകൊണ്ട് കുറച്ച് ദിവസം ലീവ് വേണമെന്ന് പറഞ്ഞ് മാറി നിൽക്കുകയുണ്ടായി.
അപ്പോഴാണ് ജോർജേട്ടൻ എന്നെ വിളിക്കുന്നത്. നീ ഒന്ന് സെറ്റ് ചെയ്ത് കൊടുത്താൽ മതിയെന്നും കോസ്റ്റ്യൂമൊക്കെ നേരത്തെ വാങ്ങിവെച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പറഞ്ഞപ്പോഴും നമുക്ക് പേടിയാണ്. ഒറ്റയ്‌ക്കൊന്നും ചെയ്യാനുള്ള ധൈര്യം അപ്പോഴും ഉണ്ടായിട്ടില്ല. അങ്ങനെ ഞാൻ ജോയിൻ ചെയ്തു,’ അഭിജിത് പറഞ്ഞു.
മമ്മൂക്കയുടെ ഒരു പിറന്നാൾ ദിവസമാണ് അദ്ദേഹം ആദ്യമായി തന്റെ പേര് ചോദിക്കുന്നതെന്നും അത് ഇപ്പോഴും ഓർമയിലുണ്ടെന്നും അഭിജിത് പറഞ്ഞു.
‘പിറന്നാൾ ദിവസം എറണാകുളത്തെ ഒരു സ്‌കൂളിലായിരുന്നു ഷൂട്ടുണ്ടായിരുന്നത്. സീൻ കഴിഞ്ഞ് തിരിച്ച് കാരവനിലേക്ക് വരുമ്പോൾ ഭക്ഷണമൊക്കെ കഴിക്കുമ്പോൾ വസ്ത്രത്തിലൊന്നുമാവേണ്ട എന്ന് കരുതി ഒരു ബ്രേക്ക് ഡ്രസ്സ് അവിടെയുണ്ടാകും.
ഞാൻ എടുത്ത ഡ്രസ്സ് മമ്മൂക്ക ഇടണമെന്ന അതിയായ ആഗ്രഹം കൊണ്ട് ഒരു മഞ്ഞ കളറിലുള്ള ഷർട്ട് അവിടെ വെച്ചു. ഇത് ആര് കൊണ്ടുവെച്ചതാണെന്ന് ആ വസ്ത്രം ഇടുന്നതിന് മുൻപായി മമ്മൂക്ക ചോദിച്ചു. കോസ്റ്റിയൂമിലുള്ള ഒരു പയ്യനാണന് ചെയ്‌തെന്ന് ജോർജേട്ടൻ പറഞ്ഞു.
ആ സമയം ഞാൻ കാരവനിൽ ഇല്ലായിരുന്നു. അതിനു ശേഷം ഒരു കേക്ക് കട്ടിങ് കഴിഞ്ഞ് വന്നപ്പോൾ അദ്ദേഹം എന്നെ കാരവനിലേക്ക് വിളിച്ചു. ആദ്യം ഞാൻ കയറാൻ പേടിച്ചു. പിന്നീട് വീണ്ടും വിളിച്ചപ്പോൾ പകുതി ധൈര്യത്തോടെ ഞാൻ ചെന്നു.
ഇത് നീ എടുത്ത ഷർട്ട് ആണോ എന്ന് മമ്മൂക്ക ചോദിച്ചു. അതെയെന്ന് ഞാൻ പറഞ്ഞു. എവിടുന്നാണ് എടുത്തതെന്നും എന്തിനാണ് എടുത്തതെന്നുമൊക്കെ ചോദിച്ചു.
ഇത് ബ്രേക്കിന് ഇടാൻ വെച്ചതാണെന്ന് പറഞ്ഞപ്പോൾ ഇതാണോ ബ്രേക്കിന് ഇടാനുള്ളത്, വേറെ ഒന്നുമില്ലേ എന്നൊക്കെ ചോദിച്ചു. ഞാൻ ആകെ വിയർത്തു. ഇത് ഇഷ്ട്ടമായില്ലേയെന്ന് കരുതി.
‘നീ ഇവിടെ എന്തു ചെയ്യുന്നു എന്താ നീ പഠിച്ചത്’ എന്നൊക്കെ ചോദിച്ചു. ഞാൻ കോസ്റ്റ്യൂമിൽ വർക്ക് ചെയ്യുകയാണെന്നും ഫാഷൻ ഡിസൈനിങ് കഴിഞ്ഞതാണെന്നും പറഞ്ഞു. പഠിച്ചിട്ടാണോ നീ ഇതൊക്കെ ചെയ്യുന്നതെന്നും കോസ്റ്റ്യൂം ചെയ്യുന്ന സമയത്തൊക്കെ നീ ഇവിടെ വേണമെന്നും മമ്മൂക്ക പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല.
ഷർട്ട് കൊള്ളാം, ഇത് ഞാൻ ബ്രേക്കിന് ഇടുന്നില്ല, കൊണ്ട് പോവുകയാണ്. മുണ്ടിന്റെ കൂടെയോ മറ്റോ ഇടാം എന്നൊക്കെ മമ്മൂക്ക പറഞ്ഞപ്പോൾ ഞാൻ വല്ലാത്ത ഒരവസ്ഥയിലായിരുന്നു. കണ്ണുനിറഞ്ഞുപോയി,’ അഭിജിത് പറഞ്ഞു.
പിന്നീട് മമ്മൂക്ക തന്നെ അറിഞ്ഞു തുടങ്ങിയെന്നും അതിനു ശേഷം ചെയ്ത ഗ്രേറ്റ് ഫാദറിലേക്ക് തന്നെ വിളിക്കാൻ നിർമാതാവിനോട് അദ്ദേഹം പറഞ്ഞുവെന്നും അഭിജിത് അഭിമുഖത്തിൽ പറഞ്ഞു.
Content Highlight: Stylist Abhijith shares his experiences with Mammooka on his birthday